കോഴിക്കോട്: മനുഷ്യ കേന്ദ്രീകൃതമായി ചിന്തിക്കുന്നതിനു പകരം പരിസ്ഥിതി കേന്ദ്രീകൃതമായി ചിന്തിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിനായി മനുഷ്യൻ ചെയ്യേണ്ടത് എന്ന് കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു. ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി രൂപംകൊണ്ട പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ പ്രഖ്യാപനം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. എഴുത്തുകാരനും പ്രഭാഷകനുമായ വി ടി ജയദേവൻ പരിസ്ഥിതി പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വരുൺ ഭാസ്കർ മുഖ്യാതിഥി ആയി. സ്കൂൾ മാനേജർ ഡോ. സിസ്റ്റർ നീത എ സി, ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, സെക്രട്ടറി സെഡ് എ സൽമാൻ, ഷാജു ഭായ് ശാന്തിനികേതൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി മരിയ എ സി, ആഞ്ജലിന മരിയ റോഷൻ, അബിയിൽ ആൻ തോമസ്, ശ്രേയ ലക്ഷ്മി, സുമ പള്ളിപ്പുറം, എം ഷെഫീക്ക്, ടി കെ രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു. നാടെങ്ങും ശോഭീന്ദ്രവൃക്ഷം വച്ചുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം പ്രൊഫ. ശോഭീന്ദ്രന്റെ മക്കളായ ബോധികൃഷ്ണ, ധ്യാൻ ദേവ് കൊച്ചുമക്കളായ ആദ്യവൈദേഹി, അവനി മിത്ര എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു. ‘ഹരിത മുദ്ര’ പരിപാടിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി മരിയ എസി ആദ്യ മുദ്ര ചാർത്തി. ജൂലി സെലീന, നിരഞ്ജന എന്നിവർ ശോഭീന്ദ്ര സ്മൃതി കവിതകൾ ആലപിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗീതം, സ്കിറ്റ്, നൃത്തശില്പം എന്നിവയും അവതരിപ്പിച്ചു.