കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുമായി അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
കോഴിക്കോട്: കാന്‍സര്‍ ചികിത്സാരംഗത്തെ ഏറ്റവും നൂതന സംവിധാനങ്ങളായ ട്രൂബീം, സ്‌പെക്റ്റ്- സിടി എന്നിവ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ, മലബാറിലെ രോഗികള്‍ക്ക് ലോകോത്തര കാന്‍സര്‍ പരിചരണത്തിനുള്ള സാധ്യതയൊരുങ്ങി.
വേഗവും കൃത്യതയും ഒരുമിപ്പിക്കുന്ന റേഡിയൊ തെറാപ്പിയിലെ വിപ്ലവകരമായ മുന്നേറ്റമാണ് ട്രൂബീം. അതിസൂക്ഷ്മതയോടെ ട്യൂമറുകള്‍ ചികിത്സിക്കാനായി വികസിപ്പിച്ചിട്ടുള്ള ഈ സംവിധാനം ആരോഗ്യമുള്ള കലകള്‍ക്ക് (ടിഷ്യൂ) ദോഷം ചെയ്യാതെ കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യംവയ്ക്കാന്‍ സാധിക്കുന്നതാണ്. കാന്‍സര്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യയായ സ്‌പെക്റ്റ്- സിടി, സിംഗള്‍ എമിഷന്‍ കംപ്യൂട്ടഡ് ടോമോഗ്രഫിയും (സ്‌പെക്റ്റ്) യും കംപ്യൂട്ടഡ് ടോമോഗ്രഫിയും (സിടി) സംയുക്തമായി പ്രവര്‍ത്തിപ്പിച്ച് വ്യക്തമായ ത്രീഡി ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സാ പ്ലാനിങ്ങിനും ഇത് സഹായിക്കുന്നു.
പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, ഏറ്റവും ഉന്നത നിലവാരമുള്ള കാന്‍സര്‍ പരിചരണം നല്‍കാന്‍ ആശുപത്രി പര്യാപ്തമായെന്ന് സ്‌പെക്റ്റ് – സിടി ഉദ്ഘാടനം ചെയ്തുകൊണ്ടു ബിഎംഎച്ച് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. കെ.ജി. അലക്‌സാണ്ടര്‍ പറഞ്ഞു. ട്രൂബീം ഉദ്ഘാടനം സീനിയര്‍ കണ്‍സള്‍ട്ടന്റും എഒഐ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. പി.ആര്‍. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മലബാറിലെ കാന്‍സര്‍ പരിചരണ രംഗത്ത് നാഴികക്കല്ലാണിതെന്ന് എഒഐ സോണല്‍ ഡയറക്റ്റര്‍ എം.എന്‍. കൃഷ്ണദാസ് വ്യക്തമാക്കി. ബിഎംഎച്ച് ഡയറക്റ്റര്‍മാരായ ഡോ. വിനീത് ഏബ്രഹാം, ഡോ. അഞ്ജു മറിയം അലക്‌സ്, സിഇഒ ഗ്രേസി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ട്രൂബീമിന്റെ ഉദ്ഘാടനം എച്ച്ഒഡി ഡോ. പി.ആര്‍. ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു. ബിഎംഎച്ച് ചെയര്‍മാന്‍ ഡോ. കെ.ജി. അലക്‌സാണ്ടര്‍, എഒഐ സോണല്‍ ഡയറക്റ്റര്‍ എം.എന്‍. കൃഷ്ണദാസ്, ബിഎംഎച്ച് ഡയറക്റ്റര്‍മാരായ ഡോ. വിനീത് ഏബ്രഹാം, ഡോ. അഞ്ജു മറിയം അലക്‌സ്, സിഇഒ ഗ്രേസി മത്തായി തുടങ്ങിയവര്‍ സമീപം