ഒമാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തി നമീബിയ
ഇതാണ് പോരാട്ടം, ടി20 ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും ഓരോ പന്തിലും ദൃശ്യമായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഒമാനെതിരേ അവിശ്വസനീയ വിജയം നേടി നമീബിയ. ഡേവിഡ് വീസ് എന്ന മാന്ത്രികന്റെ ചിറകിലേറിയാണ് നമീബിയ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ വിജയം സ്വന്തമാക്കുന്നത് . ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ വീസ് ഒമാന്റെ കൈകളില്‍ നിന്ന് വിജയം തട്ടിമാറ്റുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ നമീബിയ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. കെന്‍സിംഗ്ട്ടന്‍ സ്‌റ്റേഡിയത്തില്‍ എത്തിയ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ബൗളിംഗ് വിരുന്നു തന്നെയാണ് ഇരു ടീമും ഒരുക്കിയത്. ടി20 ക്രിക്കറ്റില്‍ ബൗളര്‍മാരുടെ പ്രസക്തി കുറയുന്നവെന്ന പരിഭവങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ മത്സരം.
റൂബന്‍ ട്രംപല്‍മാന്‍ എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഒമാന് പിഴച്ചു. കശ്യപ് പ്രചാപതി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. രണ്ടാമത്തെ പന്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്രീസിലെത്തിയ അക്കിബിനെയും റൂബന്‍ മടക്കി. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് തെളിയുന്നതിന് മുന്നേ പരുങ്ങലിലായ ഒമാന്‍ പിന്നീട് ഒരു ഘട്ടത്തില്‍ പോലും തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയില്ല. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഇതിനിടയില്‍ 39 പന്തില്‍ 34 റണ്‍സ് നേടിയ ഖാലിദ് കലിയും 20 പന്തില്‍ 22 റണ്‍സ് നേടിയ സീഷന്റെയും ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ഒമാന്‍ സ്‌കോര്‍ 100 കടന്നത്. 19.4 ഓവറില്‍ 109 റണ്‍സ് നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. നമീബിയക്കു വേണ്ടി ഡേവിഡ് വീസ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ നമീബിയയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 48 പന്തില്‍ 45 റണ്‍സ് നേടിയ ജാന്‍ ഫ്രിലിംഗ്, 31 പന്തില്‍ 24 റണ്‍സെടുത്ത നിക്കോ ഡേവിനുമാണ് നമീബിയക്കായി കാര്യമായ സംഭാവന നല്‍കിയത്.
മെഹ്‌റാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കേ നബീബിയക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് മതിയായിരുന്നു. എന്നാല്‍ ആദ്യ പന്തിലും മൂന്നാം പന്തിലും വിക്ക്റ്റ് വീഴ്ത്തി മെഹ്‌റാന്‍ ഖാന്‍ നമീബിയെ സമ്മര്‍ദത്തിലാക്കി. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിടത്ത് ഒരു റണ്‍ മാത്രമേ നമീബിയക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ കളി സമനിലയാവുകയും സൂപ്പര്‍ ഓവറിലേക്ക് പോവുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 4 പന്തില്‍ 13 റണ്‍സ് നേടിയ ഡേവിഡ് വീസിന്റെയും രണ്ട് പന്തില്‍ എട്ട് റണ്‍സ് നേടിയ ഇറാസ്മസിന്റെയും ബലത്തില്‍ 21 റണ്‍സ് നേടി. ഒമാനായി ബിലാല്‍ഖാനാണ് സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഡേവിഡ് വീസെറിഞ്ഞ സൂപ്പര്‍ ഓാവറില്‍ ഒമാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഡേവിഡ് വീസാണ് കളിയിലെ താരം.