ഒമ്പതാമത് ടി20 ലോകകപ്പിന് തുടക്കം

ഒമ്പതാമത് ടി20 ലോകകപ്പിന് തുടക്കം

ആദ്യമത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്ത് യുഎസ്

 

മറ്റൊരു ടി-20 ലോകകപ്പ് കൂടി വന്നെത്തിയിരിക്കുകയാണ്. യുഎസിലെ ഡാലസില്‍ യുഎസ്എ-കാനഡ മത്സരത്തോടു കൂടിയാണ് ഒമ്പതാമത്തെ ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. യുഎസിന് പുറമേ വെസ്റ്റ് ഇന്‍ഡീസും ലോകകപ്പിന് ആതിഥേയത്വം അരുളുന്നുണ്ട്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എ ഏഴ് വിക്കറ്റിന് കാനഡയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. നവനീത് ധലിവാല്‍, നിക്കോളസ് കിര്‍ട്ടണ്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ യുഎസ്എ ലക്ഷ്യം മറികടന്നു. യുഎസ്എക്ക് വേണ്ടി ആരോണ്‍ ജോണ്‍സ് 40 പന്തില്‍ പുറത്താകാതെ 94 റണ്‍സ് നേടി.

ടി-20 ലോകകപ്പിന്റെ ചരിത്ര താളുകളിലൂടെ ഒന്ന് കണ്ണോടിക്കുമ്പോള്‍ അനവധി കണ്ണഞ്ചിപ്പിക്കുന്ന, നെഞ്ചിടിപ്പേറ്റുന്ന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് 2007ലെ പ്രഥമ ലോകകപ്പ് എന്നെന്നും ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. ചിരവൈരികളായ പാക്കിസ്ഥാനെതിരേ ഫൈനലില്‍ ഇന്ത്യ നേടിയ വിജയം ഇന്നലെ കഴിഞ്ഞതു പോലെയാണ് ഓരോ ക്രിക്കറ്റ് പ്രേമികളുടെയും ഓര്‍മകളില്‍. ജോഗീന്ദര്‍ ശര്‍മയുടെ അവസാന ഓവറിലെ മൂന്നാം പന്ത് ഉയര്‍ത്തിയടിച്ച പാക്ക് ബാറ്റ്‌സ്മാന്‍ മിസ്ബ ഉള്‍ഹഖിനെ ശ്രീശാന്ത് പിടിച്ച് പുറത്താക്കുന്ന ദൃശ്യം തീര്‍ത്തും അവിശ്വസനീയമായി മാത്രമേ കണ്ടുനില്‍ക്കാനാവുള്ളൂ. ഓരോ ഇന്ത്യന്‍ ക്രിക്കറ്റ ്‌പ്രേമിയെ സംബന്ധിച്ചും ഏറ്റവും വിലപ്പെട്ട നിമിഷമാണത്. എന്നാല്‍ ഇന്നിവിടെ പറയുന്നത് മറ്റൊരു സംഭവത്തെ കുറിച്ചാണ്.

സെപ്റ്റംബര്‍ 19 2017. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെ കിംഗ്‌സ്മീഡ് സ്റ്റേഡിയം. സൂപ്പര്‍ എട്ടിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെവാഗും ഗംഭീറും സ്വപ്‌ന സമാനമായ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ നിശ്ചിത 14.4 ഓവറില്‍ ഇരുവരും 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും മടങ്ങിയ ശേഷം ഇന്ത്യന്‍ സ്‌കോര്‍ പതിയെ ഇഴയാന്‍ തുടങ്ങി. 17ാം ഓവറില്‍ റോബിന്‍ ഉത്തപ്പയും മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് യുവരാജ് സിംഗ്. ബാക്കിയുള്ളത് ചരിത്രം. ക്യാപ്റ്റന്‍ എംഎസ് ധോണിയെ കാഴ്ചക്കാരനാക്കി പന്തുകള്‍ നിലം തൊടാതെ ഗാലറി കടത്തുമ്പോള്‍ ആ ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുകയായിരുന്നു അയാള്‍ ചെയ്തത്. അയാളുടെ ആ പ്രകടത്തിന് നിമിത്തമായത് ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫാണ്. കളിക്കളത്തില്‍ സ്ലെഡ്ജിംഗിന് പേരു കേട്ട ഫ്‌ളിന്റോഫിന് ഇതിനു മുന്നേയും ചുട്ട മറുപടി ഇന്ത്യന്‍ താരങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ദാദ സൗരവ് ഗാംഗുലി. എന്നാല്‍ ഇത്തവണ ഫ്‌ളിന്റോഫ് കൊമ്പുകോര്‍ത്തപ്പോള്‍ ഇരയായത് ടീമിലെ പുതുമുഖ താരമായ സ്റ്റുവര്‍ട്ട് ബ്രോഡാണ്. 19ാം ഓവറിന് മുന്നേയുള്ള ഇടവേളയില്‍ ഫ്‌ളിന്റോഫും യുവരാജും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. അമ്പയര്‍ ഇരുവരുടെ ഇടയില്‍ നില്‍ക്കുന്നു. എംഎസ്ഡി യുവരാജിനെ പിടിച്ചു മാറ്റുന്നു. കമന്ററി ബോക്‌സില്‍ രവിശാസ്ത്രി സംഭവങ്ങള്‍ അവലോകനം ചെയ്യുന്നു. സ്റ്റുവര്‍ട്ട് എറിഞ്ഞ ആദ്യപന്ത് 100 മീറ്റര്‍ അകലെയാണ്‌പോയി പതിച്ചത്. തന്റെ അഗ്രഷന്‍ മുഴുവന്‍ ബാറ്റിലാവാഹിച്ചായിരുന്നു യുവരാജിന്റെ ആ ഷോട്ട്. രണ്ടാം പന്തിലും മാറ്റമൊന്നും ഉണ്ടായില്ല. ഒരു ഫ്‌ളിക്കിലൂടെ അടുത്ത സിക്‌സ്. മൂന്നാമത്തെ പന്ത് ലോംഗ് ഓഫിന് മുകളിലൂടെയാണ് ഗാലറിയിലേക്കെത്തിയത്. ബ്രോഡ് റൗണ്ട് ദ വിക്കറ്റ്, ഓവര്‍ ദ വിക്കറ്റ് മാറി മാറി പരീക്ഷിച്ചെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. നാലാം പന്ത് ബാക്ക്ഫൂട്ട് പോയിന്റിലൂടെയും അഞ്ചാംപന്ത് സ്‌ക്വയര്‍ ലെഗിലൂടെയും അയാല്‍ സിക്‌സറിന് പറത്തി. ഇതോടു കൂടി അതി സമ്മര്‍ദത്തിലായ ബ്രോഡിന് മുന്നില്‍ ഓവര്‍ തീര്‍ക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന പന്തില്‍ എന്താകുമെന്നുള്ള ആകാംക്ഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. രവിശാസ്ത്രിയുടെ കമന്ററി അത് കൂടുതല്‍ ഉദ്വേഗമുള്ളതാക്കി. ബ്രോഡിന് വീണ്ടും പിഴച്ചു. യുവരാജ് ചരിത്രത്തിലേക്ക് നടന്നു കയറി, കൂടെ ഇന്ത്യയും. ഒരോവറില്‍ 36 റണ്‍സ്. ആറു പന്തില്‍ ആറു സിക്‌സ്. 12 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ യുവരാജിന്റെ പേരിലാണ് ഇപ്പോഴും ടി20 ലോകകപ്പിലെ അതിവേഗ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 16 പന്തില്‍ 58 റണ്‍സാണ് യുവരാജ് ആ മത്സരത്തില്‍ നേടിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 218 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന യുവരാജ് സിംഗിന്റെ പ്രകടനം ഇന്ത്യ കപ്പു നേടുന്നതില്‍ ഏറെ നിര്‍ണായകമായി. ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അത്തരത്തിലുള്ള മികച്ച പ്രകടനങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *