തിരുവനന്തപുരം: 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് മടങ്ങി. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തിയത്.
കന്യാകുമാരി തീരത്തേക്ക് ബോട്ടില്‍ എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ മോദി ഡല്‍ഹിക്ക് മടങ്ങും.4000-ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കൂടാതെ എന്‍.എസ്.ജി. ഉള്‍പ്പെടെയുള്ള ദേശീയസുരക്ഷാ ഏജന്‍സികളും കന്യാകുമാരിയിലുണ്ടായിരുന്നു.
മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങിയ മോദി പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി. കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ധ്യാനസമയത്തെ മോദിയുടെ ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
ധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി