വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 വിദ്യാര്‍ഥികള്‍ക്കും കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ പൂര്‍ത്തിയാകുന്നതുവരെവരെ പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കുകയോ സംസ്ഥാനം വിട്ട് പുറത്തുപോകുകയോ ചെയ്യരുത്.
ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാപ്രേരണ, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് മറ്റ് വകുപ്പുകളും ചേര്‍ക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണത്തിന് ശേഷം 19 വിദ്യാര്‍ഥികളെ പ്രതികളാക്കി സിബിഐ കോടതയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൂരമായ ശാരീരിക പീഡനത്തിനും പൊതുവിചാരണയ്ക്കും സിദ്ധാര്‍ഥന്‍ വിധേയമായിരുന്നതായി സിബിഐ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 341, 323, 324, 355, 306, 507 വകുപ്പുകള്‍ പ്രാകരമുള്ള കുറ്റവും റാഗിങ് നിരോധന നിയമത്തിലെ 4,3 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റവും ഒന്‍പത് പ്രതികള്‍ ചെയ്തതായി സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.