കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ നടന്ന വഴിയിലൂടെ നമുക്കിനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് പ്രശസ്ത കവി പി കെ ഗോപി പറഞ്ഞു. ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി, പ്രൊഫ. ശോഭീന്ദ്രന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ വരും തലമുറകളിലേക്ക് പകരാനും മറ്റു പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനുമായി രൂപം കൊണ്ട പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊകവൂര്‍ പി എന്‍ ദാസ് റിട്രീറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, സെക്രട്ടറി സെഡ് എ സല്‍മാന്‍, ശാന്തിനികേതന്‍ ഡയറക്ടര്‍ ഷാജിബായി,സി.പി.അബ്ദുറഹിമാന്‍, പ്രൊഫ.ശോഭീന്ദ്രന്റെ മകള്‍ ബോധി കൃഷ്ണ, കെ.പി.പത്മനാഭന്‍, സോമസുന്ദരം മേനോക്കി എന്നിവര്‍ സംസാരിച്ചു. എറണാകുളം തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലെ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ അനവദ്യ എന്‍ ലക്ഷ്മിയാണ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ലോഗോ രൂപകല്പന ചെയ്തത്. ജൂണ്‍ അഞ്ചിന് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പ്രഖ്യാപനത്തോടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഒരാഴ്ചകാലം വിവിധ പരിപാടികളോടെ ശോഭീന്ദ്ര വാരം ആചരിക്കും.
പ്രൊഫ. ശോഭീന്ദ്രന്റെ വഴിയിലൂടെ നമുക്ക് മുന്നേറാം:
പി.കെ.ഗോപി