ഇസിപിആര്‍ ചികിത്സാ സംവിധാനം
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
കോഴിക്കോട് : ഉത്തര കേരളത്തിലെ ആദ്യ ഇസിപിആര്‍ചികിത്സാ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു.ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ന്യൂതന ചികിത്സാ സംവിധാനം കസബ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് എം ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം ഗുരുതരമായ രീതിയില്‍ തകരാറിലായ രോഗികളെ തുടര്‍ ചികിത്സയ്ക്ക് വേണ്ടി സുരക്ഷിതമായി മാറ്റാന്‍ ആവശ്യമായ എക്‌മോ സംവിധാനത്തോടുകൂടിയ 5ജി എക്മോ ആംബുലന്‍സിന്റെയും പ്രവര്‍ത്തനം തുടങ്ങി.
ഹൃദയാഘാതമോ മറ്റു കാരണങ്ങള്‍കൊണ്ടൊ ഹൃദയസ്തംഭനം സംഭവിച്ച് എമര്‍ജന്‍സി വിഭാഗത്തിലെത്തിയ രോഗിക്ക് പുനര്‍ജീവന (സിപിആര്‍) ചികിത്സാരീതികള്‍ നല്‍കിയിട്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമായ രീതിയിലേക്ക് എത്താതിരിക്കുമ്പോള്‍ എക്മോ മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതോടൊപ്പം തലച്ചോറിനു സംഭവിക്കുന്ന ഗുരുതരമായ തകരാറുകള്‍ ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണിത്. ഹൃദയസ്തംഭനം സംഭവിച്ച രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുമിത് സഹായിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി.പി, ഡപ്യൂട്ടി സി എം എസ് നൗഫല്‍ ബഷീര്‍,കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍, ക്രിട്ടിക്കല്‍ കെയര്‍ ഡയരക്ടര്‍ ഡോ.അനൂപ് കുമാര്‍ എ എസ്, കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ബിജോയ് ജേക്കബ്, ഡോ.വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.