ഏവരിലും ഞാന്‍ കുടിയിരിക്കുന്നു. ഞാന്‍ പ്രകാശം പരത്തുകയും ഇരുട്ടിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരം അതുകൊണ്ടു തന്നെ ക്ഷേത്രമായി കാണുകയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും ആകുന്നു. ശരീരത്തില്‍ ഇരിക്കുന്ന ഞാന്‍ മനസ്സിന്റെ പ്രതീകമാണന്നും മറിച്ച് ജീവന്റെ തുടിപ്പാണന്നും രണ്ട് അഭിപ്രായങ്ങള്‍ കേട്ടുവരുന്നു. എന്തായാലും ചിന്തിപ്പിക്കാനും പ്രവൃത്തിപ്പിക്കാനും സഹിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഞാന്‍. പലപ്പോഴും പലരിലും ഞാന്‍ എന്ന ഭാവം വളര്‍ന്ന് അഹങ്കാരമായി മാറുന്നു. അഹങ്കാരമേറുന്നിടത്ത് മൃഗീയത വളരും, മൃഗീയത നാശത്തെ ജനിപ്പിക്കും, നാശം നമ്മളെ തന്നെ തുടച്ചു മാറ്റും. പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ഈശ്വരീയതയില്‍ ഞാന്‍ എത്തപ്പെടുകയാണങ്കില്‍ ഞാന്‍ ചൈതന്യ പൂര്‍ണ്ണവാനായിരിക്കും. നമ്മള്‍ നമ്മളെ തേടുന്നതും നമ്മള്‍ ആരാണന്നു തിരിച്ചറിയുന്നതും വരെ നമ്മുടെ ശ്രമങ്ങളും അദ്ധ്വാനങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇതൊരു വാസനയാണ്. എന്റെ മിത്രവും ശത്രുവും ഞാന്‍ തന്നെ. ഇവിടെ ശത്രുവായി പരിണമിക്കുന്നുവെങ്കില്‍ ഞാന്‍ ഭാവത്തിന്റെ അനന്തരഫലമത്രെ. ഒരുവന്റെ അറിവും ബോധവും ജ്ഞാനവും എങ്ങനെ നന്മാധിഷ്ഠിതയില്‍ പ്രകടമാക്കാനാകുമോ അതേ തൂക്കത്തില്‍ തന്നെ തിന്മാധിഷ്ഠിതയും പ്രകടിപ്പിക്കാനാകും. അപ്പോള്‍ ഞാനാണ് ഏതു വേണമെന്ന് തീരുമാനിക്കുക. എന്റെ അഭിരുചിക്കനുസരിച്ച് എന്റെ താല്‍പ്പര്യത്തിനനുസരിച്ച് ഞാന്‍ എനിക്ക് ശത്രുവും മിത്രവും ആകുന്നു. ശത്രുത കൊണ്ട് നരകവും മിത്രത കൊണ്ട് സ്വര്‍ഗ്ഗവും പണിയുന്നു. ഇതിലേറെ രസാവഹം താന്‍ ആരാണന്നും തനിക്കു എങ്ങനെ ജീവിക്കാനാകുമെന്നും അറിഞ്ഞു വരുമ്പോഴേയ്ക്കും നമ്മുടെ ആയുസ്സും തീര്‍ന്നിരിക്കും. ഞാന്‍ എത്രമാത്രം അഹങ്കരിക്കുന്നുവോ അത്രമാത്രം കീഴടങ്ങുകയും ചെയ്യുന്നു. കോപം ദേഷ്യം മത്സര്യം മുതലായ കാരണങ്ങളാല്‍ ഞാന്‍ വൃണപ്പെടുമ്പോള്‍ തന്നെ സ്‌നേഹം വാത്സല്യം ത്യാഗം ദയ കരുണ മുതലായ കാരണങ്ങളാല്‍ ഞാന്‍ ഉല്‍കൃഷ്ടനാകുകയും ചെയ്യുന്നു. നാം സ്വയം അറിയുക. നമ്മുടെ പോരായ്മയും കഴിവുകളും നമ്മള്‍ തന്നെ വിലയിരുത്തുക. ഇത്തരം പ്രവണതകള്‍ നമ്മുടെ മാനദണ്ഡത്തെ തന്നെ മാറ്റിമറിക്കും. അവിടെ ഞാന്‍ ആരുമാകട്ടെ എന്റെ കര്‍മ്മങ്ങള്‍ നിര്‍മ്മലാത്മകമായിരിക്കും. കര്‍മ്മങ്ങളില്‍ നിര്‍മ്മലമുണ്ടങ്കില്‍ ഞാന്‍ പ്രശംസിക്കപ്പെടും. പ്രശംസ ആത്മബലം വര്‍ദ്ധിപ്പിക്കാനുതകും. ആത്മബലമുള്ളിടത്ത് ആത്മവിദ്യ അഭ്യസിക്കാനാകുന്നു. ആത്മവിദ്യ അഭ്യസിക്കുമ്പോള്‍ ആത്മജ്ഞാനം നേടുകയും ആത്മജ്ഞാനത്തിലൂടെ ഞാന്‍ എന്ന പ്രതിഭാസത്തെ തിരിച്ചറിയാനും കഴിയുന്നു. ഏവര്‍ക്കും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍: 9867 24 2601
ഇന്നത്തെ ചിന്താവിഷയം
നിങ്ങളുടെ ഏറ്റവും ചീത്തയായ ശത്രുക്കള്‍