എഡിറ്റോറിയല്‍
ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നും കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ നിന്നും വേദനാജനകമായ വാര്‍ത്തയാണ് രാജ്യം ശ്രവിച്ചത്. ഇവിടങ്ങളിലുണ്ടായ തീപിടിത്തങ്ങളില്‍ കുട്ടികളടക്കം നിരവധി പേരാണ് മരണപ്പെട്ടത്. ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത് അശ്രദ്ധമൂലമാണെന്നത് വ്യക്തമാണ്. ഇതിന് മുന്‍പും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സുപ്രീംകോടതിയടക്കം ഇടപെടുകയും, സുരക്ഷാ മാനദണ്ഡങ്ങള്‍ പഠിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ പരിശോധന നടക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. ആശുപത്രികളടക്കം ആള്‍ക്കൂട്ടം കൂടുന്നിടങ്ങളിലെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധന ആവശ്യമാണ്. ഡല്‍ഹിയിലെ ഹോസ്പിറ്റലിന് ലൈസന്‍സടക്കം ഇല്ലായിരുന്നെന്ന് വ്യക്തമാകുമ്പോള്‍ അധികൃതരുടെ അനാസ്ഥയാണ് വെളിപ്പെടുന്നത്. രാജകോട്ടിലെ ഗെയിംസോണിന് ഫയര്‍ എന്‍ഒസി പോലുമില്ലായിരുന്നു. 27 പേരാണ് ഇവിടെ മരണപ്പെട്ടത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. നമ്മുടെ രാജ്യം പുരോഗതിയിലേക്കെന്ന് പറയുമ്പോഴും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത് എന്ത്‌കൊണ്ടാണെന്ന് എല്ലാവരും പരിശോധിക്കണം. ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ യഥാ സമയം പരിശോധന നടത്തിയിരുന്നെങ്കില്‍ ഈ രണ്ട് ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല. ഈ ദുരന്തങ്ങള്‍ രാജ്യത്തിന് വലിയ പാഠമാണ്. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തയ്യാറാവണം.