ഇണക്കവും പിണക്കവും മനുഷ്യരില്‍ സര്‍വ്വസാധാരണമാണ്. സ്‌നേഹം ഉള്ളിടത്തേ ഇണക്കവും പിണക്കവും ഉണ്ടാകൂ. അധികസമയം ഇത്തരക്കാര്‍ക്ക് പിണങ്ങിയിരിക്കാനാകില്ല. മനസ്സിന്റെ നിര്‍മ്മലം ഇണക്കത്തെ ഓമനിക്കും. എന്നാല്‍ പിണക്കം മെല്ലെ വിദ്വേഷമായും വിദ്വേഷം പകയായും മാറിയാല്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ മോശമായി മാറുന്നു. മൃഗങ്ങള്‍ ഇരയെ കൊല്ലുന്നതു പോലെ കടിച്ചുകീറി തച്ചു കൊന്ന് പക നിര്‍വ്വഹിക്കുന്നു. പകയില്‍ മനുഷ്യമനസ്സ് നിയന്ത്രണത്തിനും അപ്പുറമായിരിക്കും. ഇവിടെ കോപത്തിന്റെ സാന്നിദ്ധ്യം മനുഷ്യനെ അന്ധനാക്കുന്നു. അന്ധതയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ പകയുടെ വൈകൃതങ്ങളായിരിക്കും. അത് അനുഭവിക്കുന്നവര്‍ കണ്ണീരും കയ്യുമായ് നിരാലംബരായി മാറുന്നത് കാണാം. പക ഒഴിവാക്കിയെ മതിയാവൂ. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ആദ്യപടി മനസ്സിനെ നിയന്ത്രിക്കയാണ് വേണ്ടത്. അതിന് അറിവും ബോധവും ജ്ഞാനവും മനസ്സില്‍ വളര്‍ത്തണം യോഗ ധ്യാനം മുതലായവ അതിന് ഗുണപ്രദമായിരിക്കും. നല്ല ചിന്തകള്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുമ്പൊള്‍ പകയ്ക്ക് സ്ഥാനമില്ലാതാകും. സങ്കീര്‍ത്തനങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ പഠിക്കുകയും പാരായണം ചെയ്യകയും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുക ഉത്തമമായിരിക്കും. ദുഷ്ടതയെ അകറ്റി, ദുഷ്ട ചിന്തകളെ ഉപേക്ഷിച്ച് ജീവിക്കുവാന്‍ തയ്യാറെടുക്കുക. കോപവും വിദ്വേഷവും വര്‍ജ്ജിക്കുന്നതോടെ ശാന്തിയും സമാധാനവും മനസ്സിനെ ഭരിക്കും. ശാന്തിയും സമാധാനവും ഈശ്വര ചൈതന്യത്തിന്റെ മുഖമുദ്രയാണ്. അവിടെ സ്‌നേഹവും വാത്സല്യവും ദയയും കരുണയും ത്യാഗവും സഹനവും ഒക്കെ കാണാനാകും. ഇവയൊക്കെ കാത്തു സൂക്ഷിക്കുമ്പൊള്‍ പക പടിക്കു പുറത്ത് തന്നെ നില്‍ക്കും. ആത്മാവു കൊണ്ട് നമ്മളെല്ലാവരും സഹോദരങ്ങളാണ്’.
നമ്മളെല്ലാവരും ധരിച്ചിരിക്കുന്ന ആത്മാവ് പരമാത്മാവിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ പകയില്‍ ജനിക്കുന്ന പ്രവൃത്തികള്‍ പാപപങ്കിലമായിരിക്കും. പാപം ചെയ്യുന്നിടത്ത് ചെകുത്താന്‍ വസിക്കും. ഈശ്വരന്‍ വസിക്കണമെങ്കില്‍ ധര്‍മ്മബോധം വേണം. ധര്‍മ്മബോധമുണ്ടെങ്കില്‍ കര്‍മ്മങ്ങളില്‍ നന്മയെ കാണു. പകയൊഴുവാക്കി ഉത്തമ മനുഷ്യനായി ജീവിക്കുക ആനന്ദാത്മകമായിരിക്കും. തിരിച്ചറിവും ബോധവും അതിനായി മനുഷ്യനെ പ്രാപ്തനാക്കിയിരിക്കും. അപ്രാപ്യമായിട്ട് ഒന്നുമില്ല. എവിടെ നാം സന്നദ്ധമാകുന്നുവൊ അവിടെ നിറഞ്ഞ വസന്തം മനുഷ്യന് നിര്‍മ്മിക്കാനാകുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട് നന്ദി നമസ്‌ക്കാരം.
ഇന്നത്തെ ചിന്താവിഷയം; പക ഒഴിവാക്കുക
കെ.വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)