ഇന്നത്തെ ചിന്താവിഷയം
>>>>>>>>>>>>>>>>>>>>
മനുഷ്യന്റെ പുരോഗതികളില്‍ ഒട്ടനവധി പടവുകള്‍ ഉണ്ട്. അവയെല്ലാം ചവിട്ടിക്കയറുക ഏറെ പ്രയാസകരവും ആണ്. എങ്കിലും ഊന്നുവടി പോലെ കൈത്താങ്ങുപോലെ ആരെങ്കിലും വന്നിരിക്കും. ചിലപ്പോള്‍ മാതാപിതാക്കള്‍, ഗുരു ജനങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മേലുദ്യോഗസ്ഥര്‍, അപരിചിതര്‍ മുതലായവരാകാം. ഇവരെല്ലാവരും കൃതജ്ഞത പ്രതീക്ഷിക്കുന്നവരല്ല. അവിടെ നാം അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു. കടപ്പാട് നിര്‍വ്വഹിക്കുന്നിടത്ത് കൃതജ്ഞത താനേവന്നു ചേരും. കൃതജ്ഞത ആന്തരീക സ്‌നേഹപ്രകടനമാണ്. നന്ദി പ്രകടനമാണ്. ഒരുവന്റെ ജീവിതത്തില്‍ സുഖദുഖങ്ങളില്‍ നമ്മള്‍ നന്ദി രേഖപ്പെടുത്തേണ്ടി വരുന്നു. സുഖം അനുഭവിക്കാന്‍ കാരണക്കാരായവരോടും ദുഃഖങ്ങളില്‍ സാന്ത്വനമായവരോടും തീര്‍ച്ചയായും കൃതജ്ഞതയുള്ളവനായിരിക്കണം നമ്മള്‍. അതു മറക്കുന്നവന്‍ തികഞ്ഞ സ്വാര്‍ത്ഥമതികളായിരിക്കും. അതായത് പാലം കടക്കുവോളം നാരായണാ എന്നു വിളിക്കുകയും പാലം കടന്നാല്‍ കൂരായണാ എന്നു വിളിക്കുന്നവര്‍. അത്തരം ആള്‍ക്കാരാല്‍ കൃതജ്ഞത പോയിട്ട് ആ വാക്കുപോലും കേട്ടു കേള്‍വിയിലില്ലായിരിക്കും. കാര്യസാദ്ധ്യത്തിന് കഴുതക്കാലും പിടിക്കുന്ന ഇത്തരം കൂട്ടര്‍ സമൂഹത്തില്‍ ഇത്തിള്‍ക്കണ്ണിപോലെ ചുറ്റിപ്പടര്‍ന്നു കയറും. നന്ദിയുള്ളവനാകുക, നന്ദി പ്രകടിപ്പിക്കുക, നന്ദിയോടെ സംസാരിക്കുക ഇത്രയും മതി ഒരുവന്റെ കൃതജ്ഞത സത്യസന്ധമാകാന്‍. അതിനവന്‍ ഈശ്വരവിശ്വാസിയായല്‍ മതി. മതങ്ങളുടെ തീവ്രവാദത്തിലൂടെ നടക്കാതെ ജാതിയുടെ മേലങ്കി അണിയാതെ സര്‍വ്വരും എന്റെ സഹോദരന്മാര്‍ എന്ന ചിന്തയില്‍ ജീവിക്കുമ്പോഴേ നാം മനുഷ്യനാകൂ. മൂനു നേരവും ക്ഷേത്രത്തില്‍പ്പോയി തൊഴുന്നവര്‍, പളളിയില്‍ പോയി കുര്‍ബാന തൊഴുന്നവര്‍, മസ്ജിദ്ദില്‍ നിസ്‌ക്കരിക്കുന്നവര്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസികള്‍ ആയിരിക്കണമെന്നില്ല. കാരണം ഇവിടെ വളര്‍ന്നു പന്തലിക്കുന്ന തീവ്രവാദ സംഘട്ടനങ്ങളിലെല്ലാം ഇത്തരക്കാരെക്കാണാറുണ്ട്.. ദൈവത്തേ കൂട്ടുപിടിച്ചു കൊണ്ട് സംഘര്‍ഷത്തിന് കൊലപാതകത്തിന്, വര്‍ഗ്ഗീയതയ്ക്ക്, തീവ്രവാദത്തിനു ഭാഗഭാക്കാകുന്നിടത്ത് എന്ത് ഈശ്വരവിശ്വാസം. ഒരീശ്വരനും ഒരു മതവും അന്യരെ കൊന്നൊടുക്കണമെന്ന് അനുശാസിക്കാറില്ല. അവരെല്ലാം സ്ഥാപിത താല്‍പ്പര്യക്കാരും ദേശദ്രോഹികളുമത്രെ. ദാനാദികര്‍മ്മള്‍ ചെയ്തു കൊണ്ട്, അന്യരെ ദ്രോഹിക്കാതെ, ചെയ്യാവുന്ന നന്മകള്‍ ചെയ്തുകൊണ്ടു നമ്മുടെ വ്യക്തിത്വം ജീവിതകാലം മുഴുവന്‍ സ്‌നേഹം വാത്സല്യം കരുണ ദയ ത്യാഗം സഹനം ഇത്യാദി സദ്ഗുണങ്ങളുടെ വിളനിലമായി മാറുന്നിടത്ത് കൃതജ്ഞത പൂര്‍ണ്ണമാകുന്നു. കൃതജ്ഞതയുള്ളവനില്‍ മനുഷ്യത്വം വസിക്കും. മനുഷ്യത്വമുണ്ടെങ്കില്‍ അവന്‍ മനുഷ്യന്‍ എന്ന വാക്കിന് അര്‍ഹനായിരിക്കും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേര്‍ന്നു കൊണ്ട് നന്ദി നമസ്‌ക്കാരം.