വീണ്ടും ബാര്‍കോഴ വിവാദം: മദ്യനയത്തില്‍ ഇളവിന് കോഴ നല്‍കണമെന്ന് ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്

വീണ്ടും ബാര്‍കോഴ വിവാദം: മദ്യനയത്തില്‍ ഇളവിന് കോഴ നല്‍കണമെന്ന് ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ കോഴ നല്‍കണമെന്നു ശബ്ദരേഖ . ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയില്‍ പറയുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇപ്പോഴത്തെ മദ്യനയത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പുറത്തുവരുന്നത്.

” പുതിയ പോളിസി ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ വരുന്നതാണ്. ഡ്രൈ ഡേ എടുത്തുകളയും. ബാക്കി കാര്യങ്ങളൊക്കെ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കില്‍ നമ്മള് കൊടുക്കണ്ടതായിട്ടുള്ള കാര്യങ്ങള്‍ കൊടുക്കണം. അതിനാരും ഇടുക്കി ജില്ലയില്‍ നിന്നും ഇത്രയും ഹോട്ടലുകളുള്ള സ്ഥലത്തു നിന്നും ഒരു ഹോട്ടല്‍ മാത്രമേ രണ്ടര ലക്ഷം രൂപ നല്‍കിയിട്ടുള്ളൂ. ബാക്കി ഒരു ഹോട്ടലും തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. പിന്നെ പലരും അവടെ കൊടുത്തു ഇവിടെ കൊടുത്തു എന്നു പറയുന്നതെല്ലാം വെറുതെ ഫേക്ക് ആയിട്ടുള്ള വാര്‍ത്തയാണ്. നമ്മള് കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആരുമായും ആര്‍ക്കും വേറെ ബന്ധങ്ങളില്ല.

രണ്ടര ലക്ഷം രൂപ കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ ഈ ഗ്രൂപ്പിലിടുക. നിങ്ങളുടെ ആരുടെയും ഒരു പത്തു പൈസ പോകില്ല, അതിനെല്ലാം കൃത്യമായ കണക്കുണ്ട്. പിന്നെ വിശ്വാസമില്ലാത്തവര്‍ അവരവരുടെ ഇഷ്ടം പോലെ ചെയ്യുക. സഹകരിച്ചില്ലെങ്കില്‍ വലിയൊരു നാശത്തേക്കാണ് പോകുന്നത്. ഇതെല്ലാവരോടും നേരത്തെ ഒന്നു അറിയിച്ചു എന്നേയുള്ളൂ” എന്നാണ് അനിമോന്റെ ശബ്ദരേഖയില്‍ പറയുന്നത്.

ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും എക്സൈസ് മന്ത്രി ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

വീണ്ടും ബാര്‍കോഴ വിവാദം: മദ്യനയത്തില്‍ ഇളവിന് കോഴ നല്‍കണമെന്ന് ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്

Share

Leave a Reply

Your email address will not be published. Required fields are marked *