ഗാസയിലെ റഫാ മേഖയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി നേരിടുന്നു. സാധനങ്ങളുടെ ലഭ്യതക്കുറവും, അരക്ഷിതാവസ്ഥയും രൂക്ഷമായ മേഖലയില്‍ സഹായ വിതരണം നിര്‍ത്തേണ്ടിവന്നതായും യുഎന്‍ അറിയിച്ചു. ദുരിത മേഖലകളില്‍ മനുഷ്യാവകാശ സംഘടനങ്ങള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇസ്രയേല്‍ ഒരുക്കിയില്ലെങ്കില്‍ വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.
മെയ് ആറിന് ഇസ്രയേല്‍ സൈന്യം തീവ്രമായ ആക്രമണം നടത്തിയതിന് ശേഷവും പതിനായിരക്കണക്കിനാളുകളാണ് റഫായില്‍ തുടരുന്നത്. ഗാസയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി) വക്താവ് അബീര്‍ എതെഫ കൂട്ടിച്ചേര്‍ത്തു. ഗാസയിലേക്കുള്ള ഭക്ഷണത്തിന്റെയും മറ്റ് സഹായത്തിന്റെയും വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ ക്ഷാമം പോലുള്ള അവസ്ഥകള്‍ വ്യാപിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. മധ്യ ഗാസയിലേക്കുള്ള കുറഞ്ഞ രീതിയിലുള്ള ഭക്ഷണത്തിന്റെ വിതരണം ഇപ്പോഴും ഡബ്ല്യുഎഫ്പി തുടരുന്നുണ്ടെങ്കിലും സംഭരിച്ച് വെച്ച സാധനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നാണ് എതെഫ അറിയിച്ചു.ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ ഏളുപ്പമാര്‍ഗമെന്ന നിലയിലാണ് അമേരിക്ക ഗാസ തീരത്ത് ഫ്ളോട്ടിങ് കടല്‍പ്പാലം നിര്‍മിച്ചത്. വെള്ളിയാഴ്ച ഇതുവഴി പത്ത് ട്രക്കുകള്‍ ഡബ്ല്യുഎഫ്പി സംഭരണ കേന്ദ്രത്തിലെത്തിച്ചിരുന്നു. വിതരണം ചെയ്യുന്ന സാധനങ്ങള്‍ എടുക്കാന്‍ പലസ്തീനികള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച വന്ന 11 ട്രക്കുകളില്‍ അഞ്ചെണ്ണം മാത്രമേ സംഭരണ കേന്ദ്രത്തിലേക്കെത്തിക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒരു സഹായവും വന്നില്ലെന്ന് എതെഫ വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളും സാധനങ്ങളുടെ നീക്കങ്ങളും വിലയിരുത്തി ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഐക്യരാഷ്ട്ര സഭ. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 11 ലക്ഷം ജനങ്ങള്‍ പട്ടിണിയിലാണെന്നും ക്ഷാമത്തിന്റെ വക്കിലാണെന്നും ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. മെയ് ആറിന് ശേഷമാണ് മാനുഷിക സഹായങ്ങളുടെ വിതരണം ഏറ്റവും മോശം സ്ഥിതിയിലെത്തിയത്.
ഗാസയിലെ റഫാ മേഖലയില്‍ ദുരിതപ്പെയ്ത്ത്, സഹായ വിതരണം നിര്‍ത്തി
ലക്ഷക്കണക്കിനു പേര്‍ പട്ടിണിയില്‍