ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡണ്ടിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഈ ദുഃഖത്തില്‍ ഇന്ത്യ ഇറാനൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തോടും ഇറാനിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഇന്ത്യ- ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എല്ലാക്കാലവും ഓര്‍മിക്കപ്പെടും.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റെയ്‌സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്റേയും വിയോഗം ഞെട്ടലുണ്ടാക്കി. അവരോടൊപ്പമുള്ള തന്റെ നിരവധി കൂടിക്കാഴ്ചകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നതായും ഈ സമയത്ത് ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ്‌ദ്ദേഹം എക്‌സില്‍ കുറിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായിച്ചേര്‍ന്ന് അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി.
2021 ജൂണിലാണ് ഇബ്രാഹിം റെയ്‌സി ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്.1960-ല്‍ ജനിച്ച റെയ്‌സി, ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡന്റായത്.