കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയില്‍ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ഇരകളായവരില്‍ 19 പേര്‍ ഉത്തരേന്ത്യക്കാരും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. അവയവ കച്ചവടത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിര്‍ണായക മൊഴി. അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. ഇതില്‍ 19 പേര്‍ ഉത്തരേന്ത്യക്കാരും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഇരകളായവര്‍ക്ക് 6 ലക്ഷം വീതമാണ് കൈമാറിയതെന്നും പ്രതി മൊഴി നല്‍കി. എന്നാല്‍ കമ്മീഷനായി ലഭിച്ച തുകയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാബിത്ത് തയ്യാറായിട്ടില്ല.
സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും മുഖ്യ കണ്ണികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള വിശദമായ ചോദ്യം ചെയ്യല്‍ നടക്കുക. എന്‍.ഐ.എ അടക്കമുള്ള മറ്റു കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.
അവയവ തട്ടിപ്പ് കേസ്: ഇരയായവരില്‍ പാലക്കാട് സ്വദേശിയും, 19 പേര്‍ ഉത്തരേന്ത്യക്കാര്‍