ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഇറാന്റെ നേതൃസ്ഥാനത്തേക്ക് താത്ക്കാലിക ചുമതലയിലെത്തുക നിലവിലെ വൈസ്പ്രസിഡണ്ടുമാരിലെ പ്രഥമന്‍ മുഹമ്മദ് മൊഖ്ബര്‍ ആയിരിക്കും.
ഇറാനില്‍ പ്രസിഡന്റിന് തുടരാന്‍ ആവാതിരിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ ഇറാനിയന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ചാണ് പുതിയ പ്രസിഡന്റിനെ നിയമിക്കുക. ഇറാന്റെ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തിന്റെ നിലവിലെ വൈസ് പ്രസിഡന്റുമാരിലെ പ്രഥമനെ പ്രസിഡന്റ് ചുമതല എല്‍പ്പിക്കും.
തുടര്‍ന്ന് പ്രസിഡന്റ് ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറും ജുഡീഷ്യറി മേധാവിയും അടങ്ങുന്ന കൗണ്‍സില്‍ 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ക്രമീകരിക്കണം. ഇതു പ്രകാരമാണ് മുഹമ്മദ് മൊഖ്ബര്‍ ഇറാനില്‍ ഇടക്കാല പ്രസിഡന്റിന്റെ ചുമതല എല്‍ക്കുക.
ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയാലുടനെ മുഹമ്മദ് മൊഖ്ബര്‍ ഇടക്കാല പ്രസിഡന്റ് ആയി ചുമതല എല്‍ക്കും. 2021 ല്‍ ഇബ്രാഹിം റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പമാണ് മുഹമ്മദ് മൊഖ്ബര്‍ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 2025 ലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.