ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഫൂട്ട് വെയര്‍ വ്യാപാരികളുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിനിടെ കണ്ട കാഴ്ച കണ്ട് അമ്പരന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. നഗരത്തിലെ മൂന്ന് ഫൂട്ട്വെയര്‍ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 40 കോടി രൂപയുടെ നോട്ടുകെട്ടുകളാണു പിടിച്ചെടുത്തത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മൂന്ന് വ്യാപാരികളുടെ വസതികളിലും കടകളിലും ഐ.ടി സംഘം എത്തിയത്. സുഭാഷ് ബസാറിലെ ബി.കെ ഷൂസ്, ധാക്കാരനിലെ മന്‍ഷു ഫൂട്ട്വെയര്‍, പേരറിയാത്ത മറ്റൊരു സ്ഥാപനം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫൂട്ട്വെയര്‍ സ്ഥാപനങ്ങളിലും കടയുടമകളുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ഊര്‍ജിതമായ റെയ്ഡ് നടന്നു. ഇതിലാണ് 500 രൂപയുടെ വലിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഏകദേശം 40 കോടിയിലേറെ രൂപ കണ്ടെത്തിയതായാണ് ഇന്‍ഡ്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫൂട്ട്വെയര്‍ വ്യാപാരികള്‍ നികുതി വെട്ടിച്ചെന്നും അനധികൃതമായ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്നുമുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നാണു പരിശോധന നടത്തിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. റെയ്ഡ് രാത്രി വൈകിയും നീണ്ടു.
ഇന്നലെ ഗുജറാത്തിലെ അഹ്‌മദാബാദിലും വഡോദരയിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ മാധവ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. രണ്ടു നഗരങ്ങളിലുമായി 27 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകുവോളം തുടര്‍ന്നു. എന്നാല്‍, ഇവിടങ്ങളില്‍നിന്ന് എന്തു ലഭിച്ചെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഫൂട്ട് വെയര്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 40 കോടിയുടെ നോട്ടുകെട്ടുകള്‍