എഡിറ്റോറിയല്‍
കേരളം ലോകത്തിന് മാതൃകയാവുന്നത് ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതി കൊണ്ടാണ്. എന്നാല്‍ ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന അനഭിലഷണീയമായ പ്രവണതകള്‍ നമുക്ക് തിരിച്ചടിയായി മാറുകയാണ്. സ്വകാര്യ മേഖലയിലെ ചികിത്സാ രീതികളെക്കുറിച്ച് വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. ആശുപത്രി ഉടമകളും, ഡോക്ടര്‍മാരും പലപ്പോഴും അനാവശ്യ ടെസ്റ്റുകളും ചികിത്സാ രീതികളും പ്രയോഗിക്കുന്നതായും അതിന്റെ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരുടെ കദന കഥകള്‍ വാര്‍ത്തകളായി വരാറുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് മാനദണ്ഡങ്ങളിലൊന്ന് പണം തന്നെയാണ്. പണമുണ്ടെങ്കിലേ അവിടെ ചികിത്സക്ക് പോകാന്‍ പറ്റൂ. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനത്തെ മഹാഭൂരിപക്ഷവും ആശങ്കപ്പെടുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്ത് വരുന്നത്. ഗവ.മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈവിരലിന് ചികിത്സക്കായെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ശസ്ത്രക്രിയ ചെയ്ത അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.ഇടതുവിരലിലെ ആറാമത്തെ വിരല്‍ നീക്കാനാണ് രോഗി എത്തിയത്. ഈ സംഭവം വളരെയധികം ഗൗരവമുള്ളതാണ്. രോഗം പോലും മനസ്സിലാക്കാതെയാണ് ചില ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നതെന്നത് ഞെട്ടിക്കുന്നതാണ്. ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സാ പിഴവില്‍ രോഗികള്‍ക്ക് മരണമടക്കം സംഭവിക്കാറുണ്ട്. ചികിത്സാ രംഗത്ത് സൂക്ഷിക്കേണ്ട സൂക്ഷ്മത ഈ ഡോക്ടര്‍മാരും സംഘവും പുലര്‍ത്തിയില്ല എന്ന് വേണം ഇതില്‍ നിന്നനുമാനിക്കാന്‍. ഇത്തരം കുറ്റം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. പൊതുജനാരോഗ്യ രംഗത്ത് നാം കൊട്ടിഘോഷിക്കുന്ന മാതൃകയുടെ മൂടുപടമാണ് ഇത്തരം സംഭവങ്ങളിലൂടെ വീണുടയുന്നത്. മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ കുടുംബാരോഗ്യ ന്ദ്രേത്തില്‍ മുണ്ടിനീരിന് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് പ്രഷറിന്റെ ഗുണളിക. മരുന്ന് കഴിച്ച് ഛര്‍ദ്ദിയും, ദേഹാസ്വസ്ഥ്യവുമനുഭവപ്പെട്ട കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയാണ് സുഖപ്പെടുത്തിയത്. രോഗികളുടെ ജീവന്‍ സംരക്ഷിക്കാനാണ് ആതുരാലയങ്ങളിലും, ഡോക്ടര്‍മാരുടെ അടുത്തും എത്തുന്നത്. അവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയേണ്ടതുണ്ട്.