തയ്യാറാക്കിയത്
കെ.വിജയന്‍ നായര്‍
മനുഷ്യരുടെ ഏതു പ്രവൃത്തികളിലും ശീലങ്ങളുടെ പ്രാധാന്യം കാണാനാകുന്നു. ശീലങ്ങള്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ ആരോഗ്യം വേണം. ആരോഗ്യമുള്ള ശരീരത്തില്‍ പ്രൗഢമായ മനസ്സുണ്ടാകുന്നു. പ്രൗഢമായ മനസ്സുണ്ടെങ്കിലെ ചിന്തകള്‍ കരുത്താര്‍ജ്ജിക്കു. കരുത്തുള്ള ചിന്തകള്‍ പ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. അതേ സമയം ശീലങ്ങള്‍ വികലമെങ്കില്‍ പ്രവൃത്തികളും മോശമായി ഭവിക്കും. നാം നിത്യം കാണുന്ന ദുശീലങ്ങളായ പുകവലി മദ്യപാനം മയക്കുമരുന്നിന്റെ ഉപയോഗം മുതലായവ മനുഷ്യജീവിതത്തിന്റെ അടിത്തറ ഇളക്കുന്നു. താളം തെറ്റുന്നിടത്ത് മനുഷ്യനെ കൊണ്ടുള്ള ഗുണമേന്മകള്‍ നശിക്കുന്നു. ചെറുപ്പത്തില്‍ ആര്‍ജ്ജിക്കുന്ന ശീലങ്ങള്‍ ജീവിതം മുഴുവന്‍ കരുത്തായിട്ട് ഭവിക്കുന്നു. ഇവിടെ ശ്രദ്ധേയമാകേണ്ടത് നാം ആര്‍ജ്ജിക്കുന്ന ശീലങ്ങള്‍ നല്ലതാണോ ചിത്തയാണോ എന്നതാണ് പ്രധാനം. നല്ല ശീലങ്ങള്‍ നന്മയ്ക്കും ചീത്ത ശീലം തിന്മയ്ക്കും വഴിയൊരുക്കുന്നു. അറിവും ബോധവും ജ്ഞാനവും കൊണ്ട് നമുക്ക് ചില ശീലങ്ങളെ തിരുത്താനാകും. ശീലങ്ങള്‍ ദുഷിച്ചതെങ്കില്‍ അത് ഉപേക്ഷിക്കുക തന്നെ വേണം. മറിച്ച് കൂടെ കൂട്ടുകയാണങ്കില്‍ ജീവിതം തന്നെ നശിച്ചെന്നിരിക്കും. നല്ല ശീലങ്ങള്‍ നല്ല സ്വഭാവങ്ങളെ വാര്‍ത്തെടുക്കുന്നതു പോലെ ചീത്ത സ്വഭാവങ്ങള്‍ ചതി വഞ്ചന കളവു മുതലായവയില്‍ ആധിപത്യം നേടുകയും അത് പിന്നീട് ദേഷ്യം കോപം അക്രമം വെറുപ്പ് മുതലായവയാല്‍ മനുഷ്യത്വം നശിപ്പിക്കുകയും ചെയ്യുന്നു. ഇവരില്‍ സത്യനിഷ്ഠയോ നീതി ചിന്തയോ കാണില്ല. ഞണ്ടുകളേപ്പോലെ ഒന്നു മറ്റൊന്നിനെ കരയ്ക്കു കയറാനാകാത്തവിധം കടിച്ചുതൂങ്ങുന്നതു കാണാം. അവിടെ ഈശ്വര ചൈതന്യമോ ചിന്തയോ ജനിക്കില്ല. പാപി ചെല്ലുന്നിടം പാതാളം കണക്കെ പന പോലെ അവര്‍ വളരുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
ഫോണ്‍:9867 24 2601
ഇന്നത്തെ ചിന്താവിഷയം; ശീലത്തിന്റെ കരുത്ത് ഉപയോഗപ്പെടുത്തുക