തിരഞ്ഞെടുപ്പ് ഫലം: രാത്രിയില്‍ ആഹ്‌ളാദ പ്രകടനം അതിരുവിടരുതെന്ന് കലക്ടര്‍

തിരഞ്ഞെടുപ്പ് ഫലം: രാത്രിയില്‍ ആഹ്‌ളാദ പ്രകടനം അതിരുവിടരുതെന്ന് കലക്ടര്‍

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ജൂണ്‍ നാലിന് വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍ എന്നിവര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വോട്ടെണ്ണല്‍ ദിനത്തിന് മുന്നോടിയായി ഉടന്‍ തന്നെ എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണം. ആഹ്ലാദ പ്രകടനങ്ങള്‍ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉദ്യോ?ഗസ്ഥര്‍ പറഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കുന്നതിനും ഏകോപനം സാധ്യമാക്കുന്നതിനുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും അവര്‍ അറിയിച്ചു.

നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ അറിയിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. ആഹ്ലാദപ്രകടനങ്ങളുമായി ബന്ധപ്പെട്ട് സമാധാനം തകര്‍ക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളെയും പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രാദേശിക തലത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍, വടകര ലോക്‌സഭ മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍, പാര്‍ട്ടി പ്രതിനിധികളായ പി എം അബ്ദുറഹ്‌മാന്‍ (കോണ്‍ഗ്രസ്), എം ഗിരീഷ് (സിപിഐഎം), കെ കെ നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി ടി ആസാദ് (ജനതാ ദള്‍ എസ്) എന്നിവര്‍ പങ്കെടുത്തു.

 

 

 

 

തിരഞ്ഞെടുപ്പ് ഫലം: രാത്രിയില്‍ ആഹ്‌ളാദ പ്രകടനം അതിരുവിടരുതെന്ന് കലക്ടര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *