കിര്‍ഗിസ്താന്‍: അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തലസ്ഥാന നഗരമായ ബിഷ്‌കെക്കില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും പാകിസ്താനും. ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകളും പാകിസ്താനികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ സ്വകാര്യ താമസസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഹോസ്റ്റലുകളില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണങ്ങള്‍ക്കുപിന്നാലെയാണ് സ്വന്തം രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഇരു എംബസികളും നിര്‍ദേശം നല്‍കിയത്.സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതു വരെ വീടിനുള്ളില്‍ തന്നെ തുടരാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കു ബന്ധപ്പെടാന്‍ എംബസികള്‍ അടിയന്തര ഹെല്‍പ്പ് ലൈനുകള്‍ ലഭ്യമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 14,500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കിര്‍ഗിസ്താനിലുള്ളത്. പാകിസ്താനില്‍നിന്നുള്ള 10,000 വിദ്യാര്‍ത്ഥികളുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
ബിഷ്‌കെക്കിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് കിര്‍ഗിസ്താനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്.വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു.
പക്ഷേ തല്‍ക്കാലം വീടിനുള്ളില്‍ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുന്നു. 0555710041 എന്ന നമ്പറില്‍ 24 മണിക്കൂറും ഞങ്ങളെ ബന്ധപ്പെടാം,’ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
ബിഷ്‌കെക്കിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ നിരീക്ഷിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ ബിഷ്‌കെക്കിലെ പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെടുന്നുണ്ടെന്ന് കിര്‍ഗിസ്താനിലെ പാകിസ്താന്‍ അംബാസഡര്‍ ഹസന്‍ സൈഗാം പറഞ്ഞു.