ഗുണ്ട പടകളെ ഇരുമ്പഴിക്കുള്ളിലാക്കണം

എഡിറ്റോറിയല്‍

ജനങ്ങള്‍ക്ക് സ്വെര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ക്രമസമാധാന നില ശാന്തമായിരിക്കേണ്ടതുണ്ട്. എന്നാല്‍ സമീപ കാലത്ത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ആശങ്ക കേരളീയ സമൂഹത്തില്‍ ഉയര്‍ന്ന് വരികയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹമാണ് കേരളീയ സമൂഹം. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ അഭിമാനകരമായ ഒരു പൈതൃകം കൈമുതലായുള്ളവരാണ് മലയാളികള്‍. നമ്മുടെ നാട്ടിലെ വിപല്‍ക്കരമായ പ്രവണതകള്‍ക്ക് മുഖ്യ കാരണം മദ്യവും മയക്കുമരുന്നുമാണ്. മയക്കുമരുന്നിന്റെ  വ്യാപനത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം വലിയ ക്യാമ്പയിനുകള്‍ നടക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.
മദ്യവും മയക്കുമരുന്നും വ്യാപകമാകുമ്പോള്‍ ഗുണ്ടായിസവും വര്‍ദ്ധിക്കും. ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം പലപ്പോഴും നടക്കുകയാണ്. തിരുവനന്തപുരത്ത് അമ്പൂരി കണ്ണന്നൂരിലാണ് കഴിഞ്ഞ ദിവസം നാല്‍വര്‍ സംഘം അഴിഞ്ഞാടിയത്. അവര്‍ ആളുകളെ കായികമായി ഉപദ്രവിക്കുകയും, സ്വത്ത് വകകള്‍ക്ക് നാശമുണ്ടാക്കുകയും, പണം കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ഗുണ്ടകളെ കണ്ടെത്തി അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരാന്‍ പോലീസ് സംവിധാനം കൈകൊള്ളുന്ന അമാന്തമാണ് പലപ്പോഴും രംഗം വഷളാകുന്നത്.
ഈ സംഭവത്തോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നത് ശുഭകരമാണ്. ഗുണ്ടകളെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന ഒരു വിഭാഗവും നമ്മുടെ സമൂഹത്തിലുണ്ട്. സ്വത്ത് സംരക്ഷിക്കാനും, പണം പിരിക്കാനും, സ്വര്‍ണ്ണം കടത്താനും, മറ്റും ഗുണ്ടകളെ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ കൈവിലങ്ങ് വെച്ച് ഇരുമ്പഴിക്കുള്ളിലാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ക്വട്ടേഷന്‍ സംഭവങ്ങളിലൊക്കെ കേസുകള്‍ ഗുണ്ടകളില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ക്വട്ടേഷന്‍ കൊടുത്തവരെ കൂടി പിടികൂടുകയാണ് വേണ്ടത്. കനത്ത ശിക്ഷ ഉറപ്പാക്കാനും സാധിക്കണം. വിമാനതാവളങ്ങളിലൂടെ കള്ളക്കടത്തിനായി കൊണ്ടുവരുന്ന സ്വര്‍ണ്ണം പിടിച്ചെടുക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന അക്രമണങ്ങളും മാധ്യമ വാര്‍ത്തകളായി വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളില്‍ ഒരു വിഭാഗം ഇത്തരം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്നവരുമാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന പല രാഷ്ട്രീയ കൊലപാതകങ്ങളിലും ഇത്തരം ഗുണ്ടകള്‍ പ്രതികളായി മാറുന്നത് ഇത്തരം നേതാക്കളുടെ തണലിലാണ്. പൊലീസ് സേന മുഖം നോക്കാതെ നടപടിയെടുക്കാന്‍ ആരംഭിച്ചാല്‍ അടിച്ചമര്‍ത്താനാകുന്ന ഗുണ്ടകളേ കേരളത്തിലുള്ളൂ. പല രാഷ്ട്രീയ നേതാക്കളും പ്രസംഗങ്ങളില്‍ ഗുണ്ടാ ശൈലിയും പ്രയോഗിക്കാറുണ്ട്. കേരളീയ സമൂഹം മാതൃകാപരമായി മുന്നേറുന്ന ഒന്നാണ്. മുന്‍കാലങ്ങളില്‍ നാട്ടിലെ കവല ചട്ടമ്പികളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നാട്ടിലെ സമാധാനത്തില്‍ പ്രബുദ്ധത കാണിക്കുന്ന നാട്ടുകാരും, പോലീസ് സേനയും ഒത്തൊരുമിച്ചാല്‍ ഒരു ഗുണ്ടയും  നാട്ടില്‍ ഭീതി വിതയ്ക്കില്ല. അത്തരക്കാരെ യഥാസമയം പിടികൂടി ശിക്ഷിക്കാന്‍ സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്.

ഗുണ്ട പടകളെ ഇരുമ്പഴിക്കുള്ളിലാക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *