കോഴിക്കോട്: ഐച്ഛിക വിഷയത്തോടൊപ്പം താല്പര്യമില്ലാത്ത വിഷയങ്ങള്‍ പഠിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നും ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ചെയ്യുന്നത് എന്നും സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്‌കാര വേദിയുടെ വിദ്യാഭ്യാസ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍, സ്വദേശത്തും വിദേശത്തും ഉള്ള ഉപരിപഠന സാധ്യതകള്‍, സ്വദേശത്തും വിദേശത്തും ഉള്ള ജോലി സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ആയിരുന്നു വെബിനാര്‍ അവതരിപ്പിച്ചത്. ഡയസ് ഇടിക്കുള (യു എ ഇ), റിച്ചു ഫിലിപ്പ് (ന്യൂസിലാന്‍ഡ്), ഡോ. മിളിന്ത് തോമസ് (ഐ ഐ ഐ ടി കോട്ടയം), ഡോ. മാത്യു കെ ലൂക്ക് (യു എസ്), ഡോ. സാജു എസ് (യു കെ), സാജന്‍ പെരേപ്പാടന്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്), മാത്യു ഏലൂര്‍ (യുകെ), സജിത് കുമാര്‍, ജയപ്രകാശ് (കാനഡ) എന്നിവരാണ് സെഷനുകള്‍ കൈകാര്യം ചെയ്തത്. സംസ്‌കാരവേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷനായി. വിദ്യാഭ്യാസ വെബിനാറിന്റെ കോ – ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ഡോ. എല്‍സമ്മ അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആണ് വെബിനാറില്‍ പങ്കെടുത്തത്. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് യൂട്യൂബ് ലിങ്കും നല്‍കി. വെബിനാറിന് ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംശയനിവാരണത്തിനായി പ്രത്യേക സംവിധാനവും സംസ്‌കാര വേദി ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ വെബിനാര്‍ സംഘടിപ്പിച്ചു