ഇന്നത്തെ ചിന്താവിഷയം  നിങ്ങളുടെ മേഖലയില്‍ മിടുക്കനാകുക

ഇന്നത്തെ ചിന്താവിഷയം നിങ്ങളുടെ മേഖലയില്‍ മിടുക്കനാകുക

ഏവരിലും സാമര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. ഈ സാമര്‍ത്ഥ്യമത്രെ മിടുക്ക്. മിടുക്കുള്ളവരില്‍ ചുണയുടേയും ചുറുചുറുക്കിന്റെയും പ്രസരിപ്പു കാണാനാവും. നിങ്ങള്‍ മിടുക്കന്മാരായിക്കൊള്ളട്ടേ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധത ഉണ്ടായിരിക്കണം. എങ്കിലേ നമ്മുടെ കര്‍മ്മനിരതയ്ക്ക് അര്‍ത്ഥം ഉണ്ടാകൂ. നിങ്ങള്‍ എത്ര വലിയവനാകട്ടെ സത്യസന്ധതയില്ലെങ്കില്‍ ആരും നിങ്ങളെ ബഹുമാനിക്കില്ല. മിടുക്കു കാട്ടണമെങ്കില്‍ ശരീരത്തിന് ആരോഗ്യം വേണം. ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കില്‍ പോഷകാഹാരം കഴിച്ചിരിക്കണം. ആരോഗ്യമുള്ള ശരീരത്തിലെ പ്രൗഢമായ മനസ്സുണ്ടാവു. മനസ്സു പ്രൗഢമെങ്കില്‍ മിടുക്കും ശ്രേഷ്ഠമാകും. ശ്രേഷ്ഠത പുലര്‍ത്തുന്നിടത്ത് കര്‍മ്മങ്ങള്‍ മികവുറ്റതായി ഭവിക്കും. ലോകത്തു ജീവിച്ചു പോരണമെങ്കില്‍ പണം ആവശ്യമത്രെ. പണമില്ലാത്തവന്‍ പിണത്തിനു തുല്യനെന്നു ചൊല്ലുണ്ട്. അതു കൊണ്ട് പണം നേടാന്‍ ഏതു നീചപ്രവൃത്തികളിലും ഏര്‍പ്പെടുകയല്ല വേണ്ടത്. ഏതു തൊഴിലും അഭിമാനമാണ്. അതില്‍ പിടിച്ചുപറിക്കുകയും കളവു കാട്ടുകയും വഞ്ചിക്കുകയും ചതിക്കുകയും അരുത്. ധനസമ്പാദനം നേരായ വഴിയിലൂടെ ജോലിയില്‍ സത്യസന്ധത പുലര്‍ത്തി നേടുക. അത്തരം ധനം വിലമതിക്കും. അതായത് അദ്ധ്വാനത്തിലൂടെ പണം നേടുക എന്നു സാരം. ഇങ്ങനെ നേടുന്ന ധനത്തില്‍ ഒരു പങ്ക് ദാനധര്‍മ്മാദികള്‍ക്ക് ചിലവഴിക്കണം. കാരണം നമ്മളാരും ഈ ഭൂലോകത്ത് ശാശ്വതമല്ല. ഏവരും മണ്ണടിയും. അതിനു മുമ്പായി ചെയ്യാവുന്ന പുണ്യ പ്രവൃത്തികള്‍ ചെയ്യുക. ഇന്നു സമൂഹത്തില്‍ കണ്ടുവരുന്ന ദ്രോഹവും ചതിയും വഞ്ചനയും ഒരിക്കലും പ്രോത്സാഹിപ്പിക്കുവാനാവില്ല. ഈശ്വര ചിന്തയോടെ വിശ്വാസത്തോടെ ഉപജീവനം ചിട്ടപ്പെടുത്തി സത്യസന്ധതയും നീതിയും പുലര്‍ത്തി ജീവിക്കുമ്പോള്‍ മിടുമിടുക്കു മാത്രമല്ല നാം നേടുന്നത് ഈശ്വര ചൈതന്യം കൂടി നേടുന്നു. ഈശ്വരചൈതന്യമുളളിടത്ത് ദുഃഖം എത്തി നോക്കില്ല. ദുഃഖം ചിലപ്പോള്‍ വന്നാല്‍ തന്നെ കണ്ണില്‍ കൊള്ളാനിരുന്നവ പുരികത്ത് കൊണ്ടു എന്ന കണക്കെയായിരിക്കും അത്. ഏവര്‍ക്കും സുദിനവും ആയുരാരോഗ്യവും നേരുന്നു.

കെ. വിജയന്‍ നായര്‍

ഫോണ്‍. 9867242601

 

 

ഇന്നത്തെ ചിന്താവിഷയം

നിങ്ങളുടെ മേഖലയില്‍ മിടുക്കനാകുക

 

Share

Leave a Reply

Your email address will not be published. Required fields are marked *