പരിസ്ഥിതി സൗഹൃദ റോഡ് പുനര്‍നിര്‍മ്മാണത്തിനു മലബാറില്‍ തുടക്കമായി

പരിസ്ഥിതി സൗഹൃദ റോഡ് പുനര്‍നിര്‍മ്മാണത്തിനു മലബാറില്‍ തുടക്കമായി

കോഴിക്കോട്: റോഡ് ഇളക്കി അതേ വസ്തുക്കള്‍കൊണ്ടു പുനര്‍നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതിക്കു മലബാറില്‍ തുടക്കം. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ പഞ്ചായത്തിലെ പുതിയേടത്തു താഴം ചിറക്കല്‍ക്കുഴി റോഡ് അത്യാധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഫുള്‍ ഡെപ്ത് റെക്ലമേഷന്‍’ (FDR) രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്ന മലബാറിലെ ആദ്യറോഡായി. റോഡിന്റെ നിര്‍മ്മാണം പഞ്ചായത്തുഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ചേളന്നൂരില്‍ ആരംഭിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയാണു നിര്‍മ്മാണം.

ഈ രീതി വ്യാപകമാകുന്നതോടെ നിര്‍മ്മാണവസ്തുക്കള്‍ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറയ്ക്കാനാകും. ദൃഢവും ഏറെക്കാലം ഈടുനില്‍ക്കുന്ന റോഡ് ലഭിക്കുന്നു എന്നതിനാല്‍ അടിക്കടിയുള്ള റിപ്പയറിങ്ങും പുനര്‍നിര്‍മ്മാണവും ഒഴിവാകും എന്ന മെച്ചവുമുണ്ട്. നിര്‍മ്മാണപ്രവൃത്തിയുടെ വേഗം കൂട്ടാനും ചിലവു കുറയ്ക്കാനും എഫ്ഡിആര്‍ രീതി സഹായിക്കും.

ഗ്രാമീണറോഡുകളിലാണ് ഈ രീതി ഇപ്പോള്‍ വ്യാപകമായി നടപ്പാക്കാന്‍ പോകുന്നത്. പിഎംഎസ്ജിവൈ പദ്ധതിയില്‍ മലബാര്‍ മേഖലയില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കുതന്നെ ഇത്തരം 13 കരാറുകള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ ആദ്യത്തേതിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചത്.

നിലവിലെ റോഡ് മുക്കാല്‍ അടി കനത്തില്‍ ഇളക്കിമറിച്ച് ആ നിര്‍മ്മാണസാമഗ്രികള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് അതിന്റെകൂടെ സിമന്റും സ്റ്റെബിലൈസറും വെള്ളവും ചേര്‍ത്ത് പള്‍വറൈസ് ചെയ്യുന്ന മെഷീന്റെ സഹായത്തോടെ വിരിച്ചുപോവുകയാണ് ഇതിന്റെ ആദ്യഘട്ടം. അതിനു പിന്നാലെ പാഡ് ഫൂട്ട് റോളര്‍ ഉപയോഗിച്ച് അമര്‍ത്തുകയും ഗ്രേഡര്‍ മെഷീന്‍ ഉപയോഗിച്ച് ലെവല്‍ ചെയ്യുകയും വൈബ്രേറ്ററി റോളര്‍ ഉപയോഗിച്ച് അമര്‍ത്തുകയും ചെയ്യും. അതിനുശേഷം ന്യൂമാറ്റിക് ടയര്‍ റോളര്‍ ഉപയോഗിച്ച് ഉപരിതലം മിനുക്കും.

ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡ് ഏഴു മണിക്കൂര്‍ മൂടിവയ്ക്കുകയും ഏഴുദിവസം നന്നായി നനയ്ക്കുകയും ഈ കാലയളവില്‍ വാഹനം കടന്നുപോകാതെ സംരക്ഷിക്കുകയും വേണം. എങ്കിലേ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ദൃഢമായ റോഡ് പ്രതലം ലഭിക്കൂ. അതിന് ശേഷം ഇമല്‍ഷന്‍ തളിച്ച് അതിന് മുകളില്‍ പോളി പ്രൊപ്ലീന്‍ പേവിങ് ഫാബ്രിക് വിരിച്ച് ഏറ്റവും മുകളില്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് കൊണ്ട് ഫിനിഷിങ്ങ് വരുത്തും. ഇതാണ് എഫ്ഡിആര്‍ നിര്‍മ്മാണത്തിന്റെ രീതി.

പഞ്ചായത്ത് പ്രസിഡന്റ് പി. പി. നൗഷീര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുരേഷ് കുമാര്‍, അംഗങ്ങളായ ജീന നമ്പീട്ടില്‍, പി. എം. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലും എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ആര്‍. ഡി. ഗിരീഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. സേതുമാധവന്‍, അസി. എഞ്ചിനിയര്‍ മാനസ കെ. പ്രഹ്ലാദന്‍, ഓവര്‍സിയര്‍മാരായ ധ്യാന്‍ ദേവസ്യ, രോഹിത്ത് പി. ടി. എന്നിവരുടെ മേല്‍നോട്ടത്തിലാണു നിര്‍മ്മാണം നടന്നുവരുന്നത്.

 

 

 

പരിസ്ഥിതി സൗഹൃദ റോഡ് പുനര്‍നിര്‍മ്മാണത്തിനു
മലബാറില്‍ തുടക്കമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *