കോഴിക്കോട്: മത്സ്യ വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ (വ്യാഴം)വൈകിട്ട് 4 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. എളമരം കരീം എം.പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി ജന.സെക്രട്ടറി അഡ്വ.പി.എം.നിയാസ്, മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഉമ്മര്‍ ഓട്ടുമ്മല്‍, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് ഉദയ ഘോഷ് പി.പി, എഐടിയുസി ജില്ലാ സെക്രട്ടറി നാസര്‍.പി.കെ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.കെ. ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിക്കും.
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ കേരളത്തിലെ മത്സ്യ വ്യാപാരികള്‍ 700 രൂപവിലകൊടുത്തു വാങ്ങിയ ലക്ഷക്കണക്കിന് മത്സ്യബോക്‌സുകള്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഹാര്‍ബറുകളില്‍നിന്നും കളവ് പോയിട്ടുണ്ട്. പല പോലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ല, കാരണം കേരളത്തിനകത്തും പുറത്തും മത്സ്യ ബോക്‌സ് മാര്‍ക്ക് മാറ്റി വില്പന നടത്തുന്ന റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുകയാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും ലക്ഷക്കണക്കിന് ബോക്‌സുകള്‍ സംഭരിച്ച് വെച്ച് മാര്‍ക്ക് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ചുരണ്ടി കളഞ്ഞ് വാടകയ്കക്് കൊടുത്ത് അവയെല്ലാം കേരളത്തിലെ മത്സ്യ മാര്‍ക്കറ്റിലേക്ക് വരികയാണ്. കോടികള്‍ വില വരുന്ന ബോക്‌സുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അത്തരം ഒരു സാഹചര്യത്തിലാണ് മാര്‍ക് ബോക്‌സില്‍ മാത്രം മീന്‍ വില്‍പന പാടുള്ളൂവെന്ന് മത്സ്യ വ്യാപാരികള്‍ തീരുമാനിച്ചത്. എന്നാല്‍ ചില ഒറ്റപ്പെട്ട ആളുകള്‍ ചില മാര്‍ക്കറ്റുകളില്‍ കളവ് പോയ ബോക്‌സുകളില്‍ മീന്‍ വില്‍പന നടത്തി മത്സ്യ വ്യാപാരികളെ വെല്ലുവിളിക്കുകയാണ്. ഇത് മത്സ്യ വ്യാപാര മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയാണ്. കള്ള വ്യാപാരത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും രൂപീകരിക്കുന്ന മാനേജ്‌മെന്റ് സൊസൈറ്റികളില്‍ മത്സ്യ വ്യാപാരികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, അനധികൃത മത്സ്യ മാര്‍ക്കററുകള്‍ പ്രവര്‍ത്തിക്കുന്നത് തടയുക, മത്സ്യ മാര്‍ക്കറ്റുകളും ഹാര്‍ബറുകളും കാലോചിതമായി നവീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുന്നത്.