ഇന്നു സമൂഹത്തില്‍ കാണാനാവാത്ത ഒരു പ്രവണതയത്രെ വിനയം. വിനയത്തിന്റെ ഭാവങ്ങളോ സ്വഭാവങ്ങളോ പ്രകടിപ്പിക്കാനാകുന്നില്ല. വിനയമുളളിടത്ത് ലാളിത്യവും ബഹുമാനവും കൂടുന്നു. സംസാരരീതിയിലും പെരുമാറ്റങ്ങളിലും വിനയമുണ്ടങ്കില്‍ മറ്റുള്ളവര്‍ക്ക് അവനോ അവളോ ഇഷ്ട കഥാപാത്രമായി മാറുന്നു. അവര്‍ക്കു ലഭിക്കുന്ന ജനസമ്മതി പ്രവചനാതീതമത്രെ. വിനയത്തിന്റെ കാതലായ സ്ഥായി സ്‌നേഹവും വാത്സല്യവും ത്യാഗവും ദയയും കരുണയും സഹനവും സഹതാപവും പരസാഹായവും ഉള്‍ക്കൊണ്ടതാണ്. അങ്ങനെയുളളിടത്ത് ഈശ്വരചൈതന്യം നിറഞ്ഞൊഴുകും. അവിടെ വിദ്വേഷത്തിനോ കോപത്തിനോ സാദ്ധ്യതയില്ല. ശാന്തതയും സമാധാനവുമായ മനസ്സില്‍ മനുഷ്യത്വം ശുദ്ധമായ തെളിനീരായി ഒഴുകും. ശുദ്ധമായ ജലം ആരോഗ്യ പരിരക്ഷ നല്‍കുന്നതുപോലെ വിനയാധിക്യമായ ജീവിതം പ്രകീര്‍ത്തിയുടെ പൂക്കളാല്‍ ഹൃദയമനോഹരതയില്‍ സുഗന്ധം പരത്തി സവിശേഷത നിറഞ്ഞു നില്‍ക്കും. വിനയം ഉള്ളവന്‍ ക്ഷമാശീലവും സത്യസന്ധതയും ധര്‍മ്മവും പുലര്‍ത്തും. ക്ഷമയും സത്യസന്ധതയും ധര്‍മ്മവുമുള്ളിടത്ത് ഒരുവന്റെ വ്യക്തിത്വത്തില്‍ ശ്രേഷ്ഠത ഉണ്ടായിരിക്കും. കുടുംബത്തിലെന്ന പോലെ സമൂഹത്തിനും അത്തരക്കാര്‍ നേട്ടമായി ഭവിക്കും. മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും ദ്രോഹിക്കില്ല അവര്‍. അവരുടെ ചെയ്തികള്‍ നന്മാധിഷ്ഠിതമായിരിക്കും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍: 9867 24 2601