കോഴിക്കോട്: ബോട്ടിന്റെ അടുത്തുകൂടെയാണെങ്കിലും കപ്പല്‍ ചാലിലൂടെയാണ് കപ്പലെന്നു കുരുതി, പക്ഷെ അങ്ങനെയല്ല. ബോട്ടിന്റെ മധ്യഭാ?ഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് ഒരുഭാഗം കടലില്‍ മുങ്ങിത്താഴുകയായിരുന്നു. എന്‍ജിന്‍ ഭാഗം കടലിലേക്ക് താഴ്ന്നു, താഴെ ഉള്‍ഭാഗത്ത് തെര്‍മോ കോള്‍ ഉണ്ടായിരുന്നതിനാല്‍ മുന്‍ഭാഗം പൊങ്ങിനിന്നു’… പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ വിവരിക്കുകയാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞത് ഇവരുടെ കണ്‍മുന്നിലാണ്. മീന്‍ പിടിക്കുന്നതിനിടെ കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നുവെന്നുംഅപ്രതീക്ഷിതമായതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചേറ്റുവയില്‍ നിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകന്‍ ഗഫൂര്‍ (48), കുറിയ മാക്കാനകത്ത് അബ്ദുള്‍ സലാം (45) എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗര്‍ യുവരാജ് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം അറിഞ്ഞത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊളിലാളികള്‍ പറഞ്ഞു. ‘കപ്പലില്‍ ഉണ്ടായിരുന്നവര്‍ നടത്തിയ തിരച്ചിലില്‍ നാലുപേരെ രക്ഷപ്പെടുത്തിയെന്നും രണ്ടു പേരെ കാണാതായെന്നും അറിഞ്ഞു. തുടര്‍ന്ന് ബോട്ടുകളുമായി അപകടസ്ഥലത്ത് എത്തി തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഗഫൂറിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടില്‍ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സലാമിനെ കണ്ടെത്താനായില്ല. സംശയം തോന്നിയതോടെ അപടത്തില്‍പ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയര്‍ത്തി. അതിനുള്ളിലായിരുന്നു സലാമിന്റെ മൃതദേഹം”, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളി പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് ഒരുഭാഗം കടലില്‍ മുങ്ങിത്താഴ്ന്നു
ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് തൊഴിലാളികള്‍