ആശ്രിത നിയമനം സംബന്ധിച്ച് കരട് നിര്‍ദ്ദേശങ്ങളില്‍ പൊതു സമൂഹത്തിലും പിന്നാക്ക വിഭാഗ സംഘടനകള്‍ക്കിടയിലുമുള്ള തെറ്റിദ്ധാരണയും ആശങ്കയും അകറ്റുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണം, എന്‍.സി.എ നിയമനം, ഫ്‌ലോട്ടിങ് സംവരണം തുടങ്ങിയവയിലെ പിന്നാക്ക വിരുദ്ധ നിര്‍ദ്ദേശങ്ങളും ചട്ടവിരുദ്ധ നടപടികള്‍ക്കും പരിഹാരമാകാത്ത അവസ്ഥയില്‍ പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കയകറ്റുവാന്‍ നാളിതുവരെ ബന്ധപ്പെട്ട വകുപ്പുകളും പി.എസ്.സിയും തയ്യാറാവാത്ത സാഹചര്യത്തില്‍ സംവരണ വിഭാഗങ്ങള്‍ക്കു നഷ്ടപ്പെട്ട അവസരങ്ങള്‍ നികത്തുവാന്‍ സത്വര നടപടികള്‍ ഉണ്ടാവണമെന്നും മറ്റൊരു പ്രമേയത്തില്‍ മെക്ക ആവശ്യപ്പെട്ടു.
ബ്യൂറോക്രസിയുടെ ഭാഗത്തുനിന്നുള്ള പിന്നാക്ക വിരുദ്ധ സംവരണ വിരുദ്ധ നിലപാടുകള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും കണ്ടില്ല എന്ന് നടിക്കുന്നത് സംസ്ഥാനത്തിന് ഭൂഷണമല്ല.
സവര്‍ണ- മുന്നാക്ക സംവരണ കാര്യത്തില്‍ സര്‍ക്കാരിന്റെ അതീവ താല്‍പര്യവും ശര വേഗതയും പിന്നാക്ക വിഭാഗങ്ങളുടെ എന്‍.സി എ നിയമനം, ഫ്‌ളോട്ടിങ് സംവരണം, ഭിന്നശേഷി സംവരണം എന്നിവയില്‍ ഉണ്ടാവാത്തത് ദുരൂഹത ഉയര്‍ത്തുന്നു.
മെക്ക യുടെ താലൂക്ക് ജില്ലാ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 30 നകം പൂര്‍ത്തിയാക്കുവാനും 35-ാം സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം സ്ഥാപക ദിനമായ ആഗസ്റ്റ് 20 ന് നടത്തുവാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ.പി നസീര്‍ അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം. അഖ്‌നിസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. എന്‍.കെ അലി പ്രമേയങ്ങള്‍ വിശദീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ.അബ്ദുല്‍ റഷീദ് യോഗം ഉത്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ ടി.എസ് അസീസ്, എ.എസ്. എ റസാഖ്, കെ.എം അബ്ദുല്‍ കരീം,എ.മഹ്‌മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, വി.കെ അലി,നസീബുല്ല മാസ്റ്റര്‍, ഡോ നിസാറുദ്ദീന്‍, തേവലക്കര ജെ.എം. നാസറുദ്ദീന്‍, സി.മുഹമ്മദ് ശരീഫ്, എഞ്ചിനീയര്‍ മുഹമ്മദ് ഗഫൂര്‍,കെ. റഫീക്ക്, യൂനസ് കൊച്ചങ്ങാടി, എന്‍.എ മുഹമ്മദ്, എ.എ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ വര്‍ഷം പരിശുദ്ധ ഹജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഭാരവാഹികള്‍ക്കുള്ള യാത്രയപ്പ് സന്ദേശം ദേശീയ ട്രഷറര്‍ ക്യാപ്റ്റന്‍ അബ്ദുല്ലക്കോയ നിര്‍വ്വഹിച്ചു.