വിശ്വാസങ്ങള്‍ എന്നും പ്രമാണങ്ങളാണ്. അവയെ ഒരിക്കലും ആര്‍ക്കും തിരുത്താനാവില്ല. അഥവാ തിരുത്തപ്പെടാനുളള ശ്രമം ഉണ്ടായാല്‍ അത് തകര്‍ന്നു പോകുന്നു. വിശ്വാസം ജീവവായു പോലെ അമൂല്യമായി നിലകൊള്ളുന്നു. നാമെല്ലാവരും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു. ഈശ്വരനെ കണ്ടെത്താന്‍ ആരും ശ്രമിക്കാതെ വിശ്വാസത്തില്‍ ജീവിതം നയിക്കുന്നു. അത് വേണ്ട ശക്തി പകരുന്നു. ഇത്തരം ശക്തി പരസ്പര വിശ്വാസത്തിന് ദൃഢത മുതല്‍ക്കൂട്ടാകുന്നു. അത് ബന്ധങ്ങളെ ഊട്ടി വളര്‍ത്തുന്നു. കുടുംബ ബന്ധങ്ങളായ ഭാര്യ ഭര്‍ത്താവ്, അച്ഛനും അമ്മയും മക്കളും, സഹോദരങ്ങള്‍, സാമൂഹ്യ ബന്ധങ്ങളായ ഗുരുവും ശിഷ്യനും, വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും, തൊഴിലാളിയും മുതലാളിയും, ഡോക്റ്ററും രോഗിയും, അങ്ങനെ നീളുന്നു ബന്ധങ്ങളുടെ പട്ടിക. എല്ലാ ബന്ധങ്ങളും ഊഷ്മളമായി സൂക്ഷിക്കണമെങ്കില്‍ പരസ്പര വിശ്വാസത്തെ വച്ചു പുലര്‍ത്തിയിരിക്കണം. അവിടെ ഉണ്ടാകുന്ന ചെറിയ മുറിവു പോലും ആര്‍ക്കും സഹിക്കാനാകുന്നില്ല. മുറിവുകള്‍ സ്നേഹത്തെ വാത്സല്യത്തെ സഹനത്തെ തകര്‍ക്കും. ഒരു തവണ തകര്‍ച്ചയുടെ ഭാഗമായാല്‍ പിന്നെ പരാജയമായി. പരാജയത്തില്‍ നിന്നും മോചനം ലഭിക്കാതെ തീരാദു:ഖത്തെ അനുഭവിക്കേണ്ടി വരുന്നു. ദു:ഖം മനസ്സിനേയും ശരീരത്തേയും ഒരു പോലെ ബാധിക്കുന്നു. ശരീരത്തിനു രോഗബാധ ഉണ്ടായാല്‍ ചികത്സിക്കാനാവും. അതേ സമയം മനസ്സ് രോഗാവസ്ഥത്തയിലായാല് മനുഷ്യന്റെ സ്ഥിതി തന്നെ മാറുന്നു. എങ്ങനെ എപ്പോഴൊക്കെ നാം ജീവിതത്തില്‍ ചിട്ടയില്ലാതെ ജീവിക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം തകര്‍ച്ചകളെ അഭിമുഖികരിക്കേണ്ടി വരുന്നു. അതിനു പ്രതിവിധിയത്രെ പരസ്പര വിശ്വാസം. അതിന്റെ കെട്ടുറപ്പ് ആത്മവിശ്വാസത്തിനെ ഉയര്‍ത്തും. ആത്മവിശ്വാസം ദൃഢമെങ്കില്‍ എന്തിനേയും അഭിമുഖീകരിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കാനാവും. സത്യസന്ധതയും നീതി ബോധവും അടിസ്ഥാന ഘടകങ്ങളായി നെഞ്ചിലേറ്റുക. ആരെയും ദ്രോഹിക്കാതെ, ഏവരേയും സ്നേഹിച്ചു കൊണ്ട്, കഴിയുന്ന വിധം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുന്നവര്‍ പരസ്പര വിശ്വാസികളായിരിക്കും. ബഹുമാനത്തോടെ, ത്യാഗ മനസ്ഥിതിയോടെ, നല്ല ചിന്തകളോടെ, പ്രവൃത്തികളിലും വാക്കുകളിലും ധര്‍മ്മം പുലര്‍ത്തുക. അവിടെ ജനിക്കുന്ന വിശ്വാസം പരസ്പര ബന്ധങ്ങളെ ധന്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവര്‍ക്കും സുദിനവും ആയൂരാരോഗ്യവും നേരുന്നു.
കെ. വിജയന് നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍:9867 24 2601