ഈ ചിറകുകള്‍ക്ക് കരുത്താവാം…..
‘മകനെ ഇവിടെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ല. എന്റെ ഹൃദയമാണ് അന്ന് ഇവിടെ ഉപേക്ഷിച്ച് മടങ്ങിയത്. അവനെ തിരിച്ചുനല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചു. അവരത് പാലിച്ചു. കൂടാതെ ഉമ്മ നോക്കുന്നത് പോലെയാണ് തന്റെ മകനെ എല്ലാ നഴ്സുമാരും പരിചരിച്ചത് എന്ന് അവന്‍ പറഞ്ഞപ്പോള്‍, ക്വാറന്റൈനിലിരിക്കുന്ന താന്‍ അനുഭവിച്ച ആശ്വാസം പറഞ്ഞറി യിക്കാനാവാത്തതാണ്.’ നിപ്പയെ അതിജീവിച്ച ഒന്‍പത് വയസ്സുകാരന്‍ ഹനീനിന്റെ മാതാവിന്റെ വാക്കുകളാണ് ഇവ. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മള്‍ വിശ്വസിച്ച് ഏല്പിക്കുന്ന ഒരുകൂട്ടം മാലാഖമാരുണ്ട് ഈ ഭൂമിയില്‍. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ സ്വന്തമെന്ന് കരുതി അവര്‍ക്ക് താങ്ങും തണലുമായി കൂടെ കൂടുന്നവര്‍. തൂവെള്ള കോട്ടും പുഞ്ചിരിയുമായി തനിക്ക് ചുറ്റുമുള്ളവരുടെ വേദനയില്‍ ആശ്വാസമാവുന്ന നഴ്‌സിംഗ് സമൂഹം.
ലോക അംഗീകാരം നേടിയവരാണ് മലയാളീ നഴ്‌സുമാര്‍. കാവല്‍ മാലാഖയെന്ന വിളിപ്പേരില്‍ നിന്നും മുന്നണിപ്പോരാളി എന്ന വിളിപ്പേരായിരുന്നു ഭീതിനിറച്ച കോവിഡ് കാലത്ത് നഴ്‌സുമാര്‍ക്ക് ലഭിച്ചത്. പി പി ഇ കിറ്റിനുള്ളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടി 24 മണിക്കൂറും രോഗികളുടെ ജീവനു വേണ്ടി സ്വന്തം ജീവന്‍ മറന്ന് പോരാടുകയായിരുന്നു അവര്‍.
ഭൂമിയിലെ മാലാഖമാര്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെ അടയാളപ്പെടുത്തുന്നതിനായി 1965 മുതല്‍ എല്ലാവര്‍ഷവും മെയ് 12ന് ലോകം മുഴുവന്‍ അന്താരാഷ്ട്ര നഴ്സസ് ദിനം മായി ആചരിച്ചുവരുന്നു. ഇന്‍ര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായതിനാലാണ് മെയ് 12 നഴ്‌സസ് ദിനമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്. ‘നമ്മുടെ നഴ്‌സസ് നമ്മുടെ ഭാവി ശുശ്രൂഷയുടെ സാമ്പത്തിക കരുത്ത്’ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം. കാരുണ്യപരിചരണം നല്‍കുന്നതില്‍ മാത്രമല്ല സാമ്പത്തിക വളര്‍ച്ചയ്ക്കും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ നിലനില്‍പ്പിനും നഴ്‌സുമാരുടെ പങ്ക് എടുത്ത് കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരിട്ടുള്ള രോഗീപരിചരണം മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ജോലികളും, ഗവേഷണം വരെ വൈവിധ്യമാര്‍ന്ന റോളുകളില്‍ മികവ് പ്രകടിപ്പിക്കുന്നവരുമാണ് ഓരോ നഴ്‌സുമാരും.
തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് രോഗികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും മുന്‍ഗണ നല്‍കുന്നവര്‍. അനുകമ്പയോടെ ഒരോരുത്തര്‍ക്കുമാവശ്യമായ പരിചരണവും സാന്ത്വനവുമായി അവര്‍ രോഗികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു. ഈ ഒരു സമീപനമാണ് ഏതൊരു രോഗിയുടെയും രോഗശമനത്തിന് മുഖ്യ കാരണമാവുന്നതും.
രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സങ്കേതിക പുരോഗതിയിലൂന്നിയുള്ള ന്യൂതന വഴികള്‍ കൃത്യമായ പരിശീലനത്തിലൂടെ ഒരോ നഴ്‌സുമാരും കൈക്കൊള്ളുന്നത് കൊണ്ടാണ് നിപ,കോവിഡ് 19 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നമ്മുടെ മുന്‍പില്‍ കീഴടങ്ങിയത്. കരിപ്പൂര്‍ വിമാന അപകടം പോലുള്ള വലിയ അപകടങ്ങളിലും ഇവരുടെ പ്രവര്‍ത്തന മികവ് നമുക്ക് കാണിച്ച് തന്നതാണ്.
ആരോഗ്യരംഗം കൂടുതല്‍ മികവുറ്റതാക്കാന്‍ മാലാഖകൂട്ടം പ്രതിബന്ധതയോടെ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കുന്നതോടൊപ്പം രോഗികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.
പലപ്പോഴും ‘മാലാഖ എന്ന വാഴ്ത്തപ്പെടലുകളില്‍ മാത്രം ഒതുങ്ങിപോവുന്നുണ്ട് നഴ്‌സുമാരുടെ സേവനങ്ങള്‍. എന്നാല്‍ നഴ്സുമാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമേറിയതാണ്. ഉയര്‍ന്ന ജോലിഭാരം, പൊതുജനങ്ങളില്‍ നിന്നുള്ള അക്രമങ്ങള്‍, എന്നിവ അവര്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളില്‍ ചിലത് മാത്രം. ഇവരുടെ ശാരീരികവും മനസികവുമായ ആരോഗ്യത്തെ കുറിച്ച് നടത്തിയ പഠനങ്ങളില്‍ വ്യക്തമാവുന്നത് ഭൂരിഭാഗം നഴ്‌സുമാരും മാനസിക പിരിമുറുക്കങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്നതാണ്.ഇതില്‍ തന്നെ25% പേരും വിഷാദ രോഗത്തിന് അടിമപ്പെട്ടവരുമാണ്.
അന്താരഷ്ട്ര നഴ്‌സസ്ദിനം ആഘോഷിക്കുകയും പരിചരണത്തിന്റെ സാമ്പത്തിക ശക്തി’ എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്യുമ്പോള്‍ മികവ്, അനുകമ്പ, അഭിനിവേശം, ബഹുമാനം, സമഗ്രത, ഐക്യം ഇത്തരം മൂല്യങ്ങള്‍ ഉള്‍ക്കൊള്ളന്ന നഴ്‌സുമാരുടെ അമൂല്യ സംഭാവനകളെ നമുക്ക് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാം.