കോഴിക്കോട്: കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്‌മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിക്കുകയും
പാര്‍ട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാണ് കെ.പി.സി.സി. അധ്യക്ഷന്റെ നടപടി.
കോഴിക്കോട് ചേവായൂര്‍ ബ്ലോക്കില്‍നിന്നുള്ള അംഗമായ സുബ്രഹ്‌മണ്യന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാര്‍ട്ടി പദവികളില്‍നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനെതിരെ എം.കെ. രാഘവന്‍ കെ.പി.സി.സി. യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് അടിയന്തിര നടപടി.
അതേസമയം, നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുബ്രഹ്‌മണ്യന്‍ ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇപ്പോള്‍ സംസാരിക്കുന്നത്.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ അഡ്വ. കെ. ജയന്തിന്റെ പ്രേരണയാലാണ് കെ. സുധാകരന്‍ എനിക്കെതിരായ നടപടിയെടുത്തത്. അതേസമയം, നിസ്വാര്‍ത്ഥമായി രാജ്യത്തെ ജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ മരണം വരെ താന്‍ കോഴിക്കോട് നഗരത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.