കിട്ടിയവിഷയം പഠിക്കേണ്ട, അഭിരുചിക്കനുസരിച്ച് ബിരുദമെടുക്കാം

കിട്ടിയവിഷയം പഠിക്കേണ്ട, അഭിരുചിക്കനുസരിച്ച് ബിരുദമെടുക്കാം

ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

4 വര്‍ഷ കോഴ്‌സിന്റെ മാറ്റങ്ങളടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുച്ചിക്ക് അനുസരിച് കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ കാലത്തെ അക്കാദമിക കരിയര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദവും നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദം ലഭിക്കും.

ഒന്നിലേറെ വിഷയങ്ങളില്‍ താല്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേര്‍ന്നോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്‍പന ചെയ്യാന്‍ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലര്‍മാരുണ്ടാവും.

മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ടുതന്നെ ബിരുദം പൂര്‍ത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എന്‍ മൈനസ് വണ്‍ സംവിധാനം). ആവശ്യത്തിന് അനുസരിച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കുന്ന സംവിധാനമാണിത്. റെഗുലര്‍ കോളജ് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കോഴ്സുകള്‍ ചെയ്യാനും അതിലൂടെ ആര്‍ജ്ജിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്താനും സാധിക്കും.

സര്‍വകലാശാലാ തലത്തിലും കോളജ് തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കും. പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അന്തര്‍സര്‍വകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും.

കിട്ടിയവിഷയം പഠിക്കേണ്ട, അഭിരുചിക്കനുസരിച്ച് ബിരുദമെടുക്കാം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *