തിരുവനന്തപുരം: കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി വീണ്ടും ചുമതലയേറ്റു. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് കെ. സുധാകരന്‍ താല്‍ക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. പ്രസിഡന്റിന്റെ ചുമതല എം.എം. ഹസനെ ഹൈക്കമാന്‍ഡ് ഏല്‍പ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികള്‍ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവില്‍. തിരഞ്ഞെടുപ്പ് നടപടികളെന്നാല്‍ വോട്ടെണ്ണല്‍ കഴിയുംവരെയെന്ന വ്യാഖ്യാനത്തില്‍ ഹസന്‍ ചുമതലയില്‍ തുടരുകയായിരുന്നു. പിന്നീട് കെ. സുധാകരന്റെ സമ്മര്‍ദത്തിനു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ താന്‍ തിരികെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധികളായ കെ.സി. വേണുഗോപാലോ ദീപാ ദാസ് മുന്‍ഷിയോ സൂചന നല്‍കുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.
എന്നാല്‍ അതുണ്ടായില്ല. ഫലം വരുംവരെ ഹസനാകും ചുമതലയെന്ന നിലയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ സുധാകരന്‍ അതൃപ്തിയിലായി. ദേശീയതലത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെ കേരളത്തില്‍ അത്തരമൊരു അസ്വാസ്ഥ്യമുണ്ടാക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കമാന്‍ഡ് സുധാകരന് ബുധനാഴ്ചതന്നെ ചുമതല ഏറ്റെടുക്കാന്‍ അനുമതി നല്‍കി. ഹസനെയും വിവരം ധരിപ്പിച്ചു.സ്ഥാനമേറ്റെടുക്കാനെത്തിയപ്പോള്‍ എം.എം.ഹസന്‍ സ്ഥലത്തില്ലാതിരുന്നതിലെ അതൃപ്തിയും സുധാകരന്‍ അറിയിച്ചു.
കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തി