കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുകയാണെല്ലോ. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.എന്താണ് വെസ്റ്റ് നൈല്‍ പനി എന്ന് നോക്കാം.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി.ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തു ന്നത്.രോഗപ്പകര്‍ച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.
1937ല്‍ ഉഗാണ്ടയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തുന്നത്.
കേരളത്തില്‍ 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. രക്തത്തിലൂടെയും, അവയവദാനത്തിലൂടെയും അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും, ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗ ബാധിതരായ ഒട്ടുമിക്ക ആളുകളിലും പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാറില്ല. 10-20% ആളുകള്‍ക്കാണ് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. മറ്റു ചിലരില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും കാണുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് നൈല്‍ പനിക്ക് പ്രത്യേക വാക്‌സിനുകളോ ആന്റിവൈറസ് ചികിത്സകളോ ഇല്ല. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് നല്‍കാറുള്ളത് .രണ്ടോ മൂന്നോ ആഴ്ച കൊണ്ട് രോഗം പൂര്‍ണമായും ഭേദമാകും. എന്നാല്‍ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം. കൊതുക് വഴി പകരുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രതിരോധ മാര്‍ഗത്തില്‍ പ്രധാനം.മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഇതോടൊപ്പം ഓടകള്‍. സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോര്‍ച്ചകള്‍ ഇല്ലാതാക്കുക. ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതാണ്.
ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാല്‍, 60 വയസിന് മുകളിലുള്ളവര്‍ ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗ ബാധിതര്‍ തുടങ്ങി പ്രതിരോധം കുറഞ്ഞ ആര്‍ക്കും വൈറസ് ബാധ ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വിക്കം,മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ചിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കും. എന്നാല്‍ കണക്കുകള്‍ പ്രകാരം വെസ്റ്റ് നൈല്‍ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്. സംശയാസ്പദമായ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക. പരിഭ്രാന്തിപ്പെടാതെ പ്രതിരോധം തീര്‍ത്താല്‍ ഈ രോഗത്തെയും നമുക്ക് അതിജീവിക്കാം.
തയ്യാറാക്കിയത്
ഡോ. ദിപിന്‍ കുമാര്‍ പി യു
കണ്‍സല്‍ട്ടന്റ് – ജനറല്‍ മെഡിസിന്‍
ആസ്റ്റര്‍ മിംസ് ആശുപത്രി
കോഴിക്കോട്