കോഴിക്കോട് : ഖത്തര്‍ ജയിലില്‍ കഴിയുന്ന അറുനൂറിലധികം ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ ജയിലില്‍ കൂട്ടനിരാഹാര സമരം ആരംഭിച്ചതായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പ്രസിഡണ്ട് സജിത്ത്. ആര്‍. ജെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നീതിക്കായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റിന്റെ സഹകരണത്തോടെ അഡ്വ: അജീഷ് എസ് ബ്രൈറ്റ് മുഖേന കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണനയിലുണ്ട്.
ദ്വിരാഷ്ട്ര ഉടമ്പടിയുടെ ഗുണഭോക്താക്കളായ വര്‍ഷങ്ങളായി തടവ് അനുഭവിക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്‍പാകെ പരാതി സമര്‍പ്പിച്ചിരുന്നു, ഖത്തറിലെ ഇന്ത്യന്‍ എംബസി അവയെല്ലാം ”ഇത്തരത്തില്‍ ഒരു ഉടമ്പടി നിലവിലില്ല” എന്ന് വസ്തുതാവിരുദ്ധമായിഅറിയിച്ചുകൊണ്ട് പരാതി അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് മുഖാന്തിരം പാവപ്പെട്ട പ്രവാസികളില്‍ നിന്നും നിര്‍ബന്ധിതമായി ഓരോരോ സേവനങ്ങള്‍ക്കും പിരിച്ചെടുക്കുന്ന പണം ഇപ്പോള്‍ ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന മുന്‍ നേവി ഉദ്യോഗസ്ഥര്‍ക്ക് നിയമസഹായം നല്‍കി എന്നുള്ള പേരില്‍ 8,41,30,694 (എട്ടു കോടി നാല്‍പ്പത്തിയൊന്ന് ലക്ഷത്തിലധികം രൂപ) വിവേചനപരമായി ചിലവഴിച്ചിരിക്കയാണ്. പകരം ഈ തുക അര്‍ഹിക്കുന്നവര്‍ക്കായി ചിലവഴിച്ചിരുന്നു എങ്കില്‍ ഏറ്റവും ചുരുങ്ങിയത് നൂറിലധികം ആളുകളെ ജയില്‍ മോചിതരാകുമായിരുന്നു. ഇത്തരം വിവേചനങ്ങളും, അവഗണനയും ഒഴിവാക്കി നീതി നിഷേധത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണം എന്ന ആവിശ്യപ്പെട്ടു കൊണ്ടാണ് ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് സംഘടന പ്രസിഡന്റ് ആര്‍. ജെ സജിത്ത് പറഞ്ഞു. ഇതിന് പുറമെ ഇന്ത്യന്‍ സുപ്രീംകോടതി മുന്‍പാകെ 1999 ഏപ്രിലില്‍ ഇന്ത്യയും ഖത്തറുമായി ഒപ്പു വെച്ച നിക്ഷേപ സുരക്ഷാ കരാര്‍ ലംഘനഫലമായി ഇന്നും ഖത്തര്‍ ജയിലില്‍ തടവില്‍ തുടരുന്ന നിക്ഷേപകരെ മോചിപ്പിച്ചു കൊണ്ട് വരുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലിനായി അഡ്വ: ജെയ്‌മോന്‍ ആന്‍ഡ്രൂസ് മുഖാന്തിരം പൊതുതാല്‍പര്യ ഹര്‍ജിയും, തന്റെ ഖത്തരി പൗരന്‍ തട്ടിയെടുത്ത നിക്ഷേപം തിരിച്ചു കിട്ടുന്നതിനായും, തനിക്കെതിരെ നടന്ന പോലീസ് പീഡനങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായും 200 കോടി രൂപ ആവിശ്യപ്പെട്ടുകൊണ്ട് ഖത്തര്‍ ഗവണ്‍മെന്റിനെതിരെയും കേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും സജിത്ത്. ആര്‍. ജെ അറിയിച്ചു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോഴിക്കോട് ആദായനികുതി വകുപ്പിന് മുന്നില്‍ തടവുകാരുടെ ബന്ധുക്കള്‍ കൂട്ട നിരാഹാര സമരം ആരംഭിക്കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.