ന്യൂഡല്‍ഹി:നഴ്‌സിങ് പഠനം കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നിര്‍ബന്ധം പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി കോടതി തള്ളി.
2011ലാണ് നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷം നിര്‍ബന്ധിത പരിശീലനം നടത്തിയാലേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്. ഒരു വര്‍ഷം പരിശീലനം കൂടി കണക്കാക്കുമ്പോള്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ 5 വര്‍ഷം എടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ വൈകുന്നുവെന്നായിരുന്നു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ആശങ്ക. എന്നാല്‍ പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്‌നങ്ങളും പി.എഫ് ഉള്‍പ്പടെ അടയ്‌ക്കേണ്ടി വരുന്നതുമാണ് സ്വകാര്യ ആശുപത്രികള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നാലു വര്‍ഷത്തെ പഠനത്തില്‍ ആറു മാസം പരിശീലന കാലയളവാണെന്ന് ജസ്റ്റീസ് ബി.ആര്‍ ഗവായ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ വീണ്ടും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാമെന്നും സുപ്രീംകോടതി പറഞ്ഞു.
നഴ്‌സിങ് പഠനം കഴിഞ്ഞ് നിര്‍ബന്ധിത പരിശീലനം വേണ്ട;
സുപ്രീം കോടതി