സദാചാരവും ദുരാചാരവും ഒരു നാണയത്തിന്റെ ഇരുവശമത്രെ. നന്മയും തിന്മയും പോലെ ഒന്നു ശ്രേഷ്ഠവും മറ്റൊന്നു നികൃഷ്ടവുമാകുന്നു. വെളിച്ചവും ഇരുട്ടും പോലെ ജീവിതത്തെ സ്വാധീനിക്കുന്നു. സദാചാരം പാലിക്കുക ഏവരുടെയും കര്‍ത്തവ്യമത്രെ. സദാചരങ്ങള്‍ക്കു നിയമ സാധ്യതയുണ്ട്. പരിരക്ഷയുണ്ട്. സദാചാര വിരുദ്ധത സ്വഭാവത്തെ വികലമാക്കും. സമൂഹത്തെ മലിനമാക്കും. ദുരാചാര പ്രവൃത്തികളും ചിന്തകളും ഒരുത്തര്‍ക്കും ഭൂഷണമല്ല. അതേ സമയം സദാചാരത്തില്‍ നിന്നു കൊണ്ടുള്ള ചിന്തകളും പ്രവൃത്തികളും മനുഷ്യനു ഗുണപ്രദമായിരിക്കും. ദൈവഹിതവും സദാചാരാധിഷ്ഠിതമത്രെ. അവിടെ സത്യവും നീതിയും പുലര്‍ത്തുന്നതു കാണാന്‍ കഴിയും. നാം അഭ്യസ്ഥവിദ്യരാണെങ്കില്‍ കൂടി സദാചാരം പാലിക്കപ്പെടുന്നില്ലങ്കില്‍ ജീവിതം നിഷ്ഫലമാകുന്നു. സദാചാരത്തിലൂടെ ജനിക്കുന്ന അറിവും ബോധവും ജ്ഞാനവും ഒരുവന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരിക്കും. ജീവിതം ഹ്രസ്വമായ കാലഘട്ടമത്രെ. ജീവനോ ഏതു നിമിഷവും അണയാവുന്നതും. അങ്ങനെയാകുമ്പോള്‍ എന്തിന് കിടമത്സരം? കുശുമ്പും അസൂയയും ചതിയും വഞ്ചനയും കുതികാല്‍ വെട്ടും എന്തിനു വേണ്ടി? ധര്‍മ്മം പുലര്‍ത്തി സദാചാരം പാലിച്ച് ജീവിതം നയിക്കുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം വന്നു ചേരും. ഈശ്വരന്‍ ഉള്ളിടത്ത് സത്യവും നീതിയും കാണും, സത്യവും നീതിയും ഉള്ളിടത്ത് നിയമങ്ങളെ ബഹുമാനിക്കും. നിയമങ്ങളെ ബഹുമാനിക്കുന്നിടത്ത് തെറ്റ് ചെയ്യുന്ന പ്രവണതയ്ക്ക് അന്ത്യമുണ്ടാകും. തെറ്റ് ചെയ്യാതിരിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ആത്മവിശ്വാസം ഉള്ളിടത്ത് കര്‍മ്മങ്ങള്‍ എല്ലാം വിജയപ്രാപ്തിയില്‍ കൊണ്ടെത്തിക്കും. വിജയത്തില്‍ അവസാനിക്കുമ്പോള്‍ സംതൃപ്തിയും സന്തോഷവും വന്നു ചേരുന്നു. സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആനന്ദം ഒഴുകും. മനസ്സ് ആനന്ദത്തിലാകുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി അവാച്യമത്രെ. നിര്‍വൃതി ആത്മനിര്‍വൃതിയായും ആത്മനിര്‍വൃതിയിലൂടെ ഈശ്വരസാക്ഷാത്കാരത്തിലും ചെന്നുചേരുന്നു. ജീവിതോദ്ദേശം തന്നെ ഈശ്വരസാക്ഷാത്കരമാണ്. ഈശ്വരസാക്ഷാത്കാരത്തില്‍ മോക്ഷപ്രാപ്തി ഉണ്ട്. മോക്ഷപ്രാപ്തി കൈവരിക്കുന്നതോടെ സായൂജ്യമടയുന്നു. സായൂജ്യമടയുന്നതു വരെ എത്തിച്ചേരണമെങ്കില്‍ സദാചാര സംഹിതകളെ മുറിക്കിപ്പിടിക്കുകയും നിയമ സാദ്ധ്യതകളെ ഉപയോഗിക്കുകയും ചെയ്യണം. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍; 9867 24 2601