മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ച കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനീയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍,മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി 2023 ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് 18 ഗ്രാം എംഡിഎംഎയുമായി പിടിയിലായതെന്ന് പൊലീസ് പറയുന്നു. 4.20 ഓടെ താമിര്‍ കുഴഞ്ഞു വീണുവെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ശ്വാസ കോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്.
താമിര്‍ ജിഫ്രിയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ചേളാരിയില്‍നിന്ന് താമിറടങ്ങുന്ന 12 അംഗസംഘത്തെ പിടികൂടി കൊണ്ടുപോയത് താനൂരിലെ പോലീസ് ക്വാട്ടേഴ്‌സിലേക്കായിരുന്നു. കൈവിലങ്ങണിയിച്ചതു കാരണം വേദനിക്കുന്നുവെന്ന് പറഞ്ഞതിനുപിന്നാലെയാണ് താമിറിനെ ക്രൂരമായി മര്‍ദിച്ചതെന്നും ഇയാള്‍ പറയുന്നു.
പൊലീസിന് രക്ഷപെടാന്‍ കഴിയുന്ന തരത്തില്‍ താമിറിന്റെ മരണശേഷമാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാല്‍ കേസ് ഉടന്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
താമിര്‍ ജിഫ്രി കസ്റ്റഡി മരണം;
നാലു പൊലീസുകാരെ അറസ്റ്റ് ചെയ്തു