മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. എന്തും സ്വന്തമാക്കണമെന്ന മോഹം അതിമോഹമാകുമ്പോള്‍ നാശത്തിനു തുടക്കം കുറിക്കുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ലാ എന്ന ചൊല്ലുണ്ട്. എന്നാല്‍ പണം കൊണ്ട് വാങ്ങാനാകാത്ത ഒന്നാണ് യഥാര്‍ത്ഥ സ്‌നേഹം. സ്‌നേഹത്തിന് പണമൊരു ഘടകമേയല്ല. സ്‌നേഹം മനസ്സിന്റെ സ്ഥായിയായ ഭാവമത്രെ. അത് പണത്തിനു അടിയറ വയ്ക്കാറില്ല. അതുപോലെ അമ്മയെ വിലയ്ക്ക് വാങ്ങാനാവില്ല. പെറ്റിട്ട മാതൃത്വത്തെ സ്വാധീനിക്കുവാന്‍ പണത്തിനാകില്ല. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയോളം ആരും വരില്ല എന്നു ചൊല്ലുണ്ട്. മരണം വന്നു വിളിക്കുമ്പോള്‍ സമ്പാദിച്ചുകൂട്ടിയവ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്നു എന്ന ബോധം ഉണ്ടായാരിക്കണം. വിദ്യാഭ്യാസവും മറ്റു സുഖ സൗകര്യങ്ങളും വിലയ്ക്കു വാങ്ങുമ്പോഴും നമ്മള്‍ നേടുന്ന ജ്ഞാനം പണത്തിനും മുകളിലാണ്. ബോധവല്‍ക്കരണം സ്വയംപ്രാപ്തമാക്കുകയാണ് ചെയ്യാറ്. ജ്ഞാനം വളര്‍ന്നു ലഭിക്കുന്ന ആത്മജ്ഞാനം വില കൊടുത്താല്‍ നേടാനാകില്ല. സുഖമന്വഷിച്ചു പോകുന്നവരറിയുന്നില്ല ദുഃഖം പിന്നാലെ ഉണ്ടെന്ന്. സുഖമുള്ളിടത്ത് ദു:ഖവും കാണും എന്നു സാരം. സുഖത്തില്‍ അമിത ആഹ്ലാദം വേണ്ട. ദു:ഖത്തില്‍ അമിത നിരാശയും പാടില്ല. ആഗ്രഹങ്ങളാകാം. അത് ജീവിതത്തിനു വര്‍ണ്ണപ്പകിട്ടു നല്‍കും. അതേ സമയം അമിത മോഹം മനുഷ്യരെ അധ:പതിപ്പിക്കുന്നു. സര്‍വ്വ ദു:ഖങ്ങള്‍ക്ക് കാരണം അമിതമോഹമത്രെ. അത് ത്യജിക്കുന്നിടത്ത് ശാശ്വതമായ ആത്മജ്ഞാനം വന്നു ചേരും. വിലകൊടുത്തു വാങ്ങാനാവാത്ത നിര്‍മ്മലമായ സ്‌നേഹമാണ് ഏറ്റവും വലുത്. അത് ഉള്‍ക്കൊണ്ടു കൊണ്ട് മനുഷ്യന്‍ ജീവിക്കുന്നിടത്ത് ദൈവകാരുണ്യം പ്രകടമായിക്കാണാനാകുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
Mob: 9867 24 2601
ഇന്നത്തെ ചിന്താവിഷയം പണംകൊണ്ട് നേടാന്‍ കഴിയാത്ത വസ്തുക്കള്‍