കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.റായ്ബറേയില്‍ രാഹുല്‍ മത്സരിക്കുന്നതോടെ, ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണം അസ്ഥാനത്താകും.
രാഹുല്‍ നേരത്തെ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ഥി. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരിലാല്‍ ശര്‍മ.2019-ല്‍ അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. ഇത് ആയുധമാക്കിയ സ്മൃതിയും ബിജെപിയും വന്‍ പ്രചാരണം അഴിച്ചുവിട്ടു. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി ആവര്‍ത്തിച്ചു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്താന്‍ പതാകയാണെന്ന് പ്രചാരണം നടത്തി.
മോദി പ്രഭാവം ആഞ്ഞടിച്ച 2014-ല്‍ കോണ്‍ഗ്രസിന് യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേഠിയും റായ്ബറേലിയും. 2019-ല്‍ അമേഠി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ്.
റായ്ബറേലി നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന്റേയും ഇന്ത്യ സഖ്യത്തിന്റേയും അഭിമാന പോരാട്ടമായി മാറും. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കും