കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് ഐടി സെല്‍ അംഗങ്ങളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് സൈബര്‍ ക്രൈം തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മ്മിച്ചുവെന്ന ബിജെപിയുടെ പരാതിയില്‍ സൈബര്‍ പോലീസ് റജിസ്റ്റര്‍ ചെയത് കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത, സമൂഹ മാധ്യമ സംഘത്തില്‍പ്പെട്ട നവീന്‍,ശിവ,മന്ന എന്നിവരുമാണ് അറസ്റ്റിലായത്.
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ് സി/എസ് ടി ഉള്‍പ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തില്‍ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. പ്രസംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പരാജയ ഭീതിയിലായതിനാലാണ് കോണ്‍ഗ്രസ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത്ഷാ ആരോപിച്ചു.