കോഴിക്കോട്: വയനാട്ടില്‍ വനം വകുപ്പിന് കീഴിലുള്ള തരിശ് ഭൂമി, കിടപ്പാടത്തിനു വേണ്ടി കുടിലുകള്‍ കെട്ടി മാസങ്ങളായി സമരം ചെയ്യുന്ന ആദിവാസി സമൂഹത്തിന് വിതരണം ചെയ്യണമെന്ന് ബദറുദ്ദീന്‍ ഗുരുവായൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തോടുള്ള ഗവണ്‍മെന്റ് സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഏകതാപരിഷത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ സമരം ശക്തമാക്കുമെന്നും ബദറുദ്ദീന്‍ ഗുരുവായൂര്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ മലേഷ്യന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ ഏകതാ പരിഷത്ത് തൃശൂര്‍ ജില്ലാ നിര്‍വ്വാഹക സമിതിയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ഗാന്ധിയന്‍ കെ.എ.ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ആരാണീ ഗാന്ധി എന്ന ചോദ്യമുയരുന്ന ഇക്കാലത്ത്, രാഷ്ട്രത്തിന്റെ ഭാവി വിധാതാക്കളായ വിദ്യാര്‍ത്ഥികളില്‍ ഗാന്ധിയന്‍ ആദര്‍ശ പ്രചരണാര്‍ത്ഥം, യു.പി.,എച്ച് എസ്, എച്ച് എസ്.എസ്. തലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധിസാഹിത്യ ക്വിസ് പ്രോഗ്രാമിന് മെയ് രണ്ടാം വാരത്തില്‍ തുടക്കമാവുമെന്ന് ഏകതാ പരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ ഗുരുവായൂര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സന്നദ്ധ സംഘടന ജില്ലാ തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നത്.
നഗരസഭാ മുന്‍ ചെയര്‍പെഴ്‌സണ്‍ മെഴ്‌സിജോയ്, ജോണ്‍സണ്‍ അവിണിശ്ശേരി, ആര്‍.വി.സി. ബഷീര്‍, പി.വി.ഷിഹാബ്, തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം രമേഷ് മേത്തല, ലീല ഗുരുവായൂര്‍, അഭിരാമി കൃഷ്ണ, അരുണ്‍കുമാര്‍ ചാലക്കുടി, വി.എ.സുഷില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ആദിവാസി സമൂഹത്തിന് ഭൂമി വിതരണം ചെയ്യണം;
ബദറുദ്ദീന്‍ ഗുരുവായൂര്‍