കണ്ണൂര്‍: ജാവഡേക്കര്‍ വിവാദത്തില്‍ ഇ.പി ജയരാജനെ തൊടാന്‍ സി.പി.എം ഭയക്കുന്നു എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇ.പിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജയരാജന്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ജയരാജനെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരന്‍ പ്രതികരിച്ചു.
സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് സെഞ്ച്വറിയടിച്ച ക്രിക്കറ്റ് കളിക്കാരന്‍ പോവുന്ന രീതിയിലാണ് ജയരാജന്‍ പോയതെന്നും സുധാകരന്‍ പ്രതികരിച്ചു.
വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ ഇ.പിയുടെ മകന്റെ ഫ്ലാറ്റില്‍ വെച്ച് ജയരാജനുമായി ജാവഡേക്കറും താനും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു. ഈ വെളിപ്പെടുത്തലില്‍ സി.പി.എം വലിയ പ്രതിരോധത്തിലായിരുന്നു. ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ജയരാജനും സ്ഥിരീകരിച്ചു.ഇതില്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സെക്രട്ടറി യോഗം നടത്തിയത്. എന്നാല്‍ ജയരാജന്റേത് നിഷ്‌കളങ്ക നിലപാടെന്ന് പറഞ്ഞ് നടപടിയെടുക്കുന്നതില്‍ നിന്ന് സി.പി.എം പിന്നോട്ടുപോവുകയായിരുന്നു.ഇതിനെതിരെയായിരുന്നു സുധാകരന്റെ പ്രതികരണം.