കേരളത്തില്‍ ബിജെപി വന്‍ വിജയം നേടും; എ.പി.അബ്ദുള്ളക്കുട്ടി

കേരളത്തില്‍ ബിജെപി വന്‍ വിജയം നേടും; എ.പി.അബ്ദുള്ളക്കുട്ടി

കോഴിക്കോട്:കേരളത്തില്‍ വികസന വിഷയത്തില്‍ ഒന്നും പറയാനില്ലാത്തതിനാല്‍ എല്‍ഡിഎഫും, യുഡിഎഫും വൈകാരിക വിഷയങ്ങളുന്നയിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഇലക്ഷന്‍ എക്‌സ്‌ചേഞ്ച് കണക്ടിങ് ലീഡേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്‍, ഇലക്ട്രല്‍ ബോണ്ട് എന്നീ വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഈ തിരഞ്ഞടുപ്പില്‍ പിണറായി നേതൃത്വം നല്‍കുന്ന സിപിഎം ആറ് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പൗരത്വ വിഷയത്തില്‍ മതം ഘടകമാക്കിയെന്ന് കോണ്‍ഗ്രസും, മുസ്ലിം ലീഗും കള്ളം പ്രചരിപ്പിക്കുകയാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5000ലധികം പേര്‍ക്കാണ് രാജ്യത്ത് പൗരത്വം നല്‍കിയത്. അതില്‍ നൂറിലധികം പേര്‍ മുസ്ലിംകളാണ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച തലശ്ശേരിയില്‍ സ്ഥിര താമസമാക്കിയ വ്യക്തിക്ക് പോലും മോദി സര്‍ക്കാര്‍ പൗരത്വം നല്‍കിയിട്ടുണ്ട്.

മറ്റൊരു പ്രചാരണം ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ചാണ്. സാധാരണ അഴിമതി നടക്കുമ്പോള്‍ ഭരണ കക്ഷിക്കാണ് പണം കിട്ടുക. ഇലക്ട്രല്‍ ബോണ്ടില്‍ 3000 കമ്പനികള്‍ നല്‍കിയതില്‍ 6000 കോടി മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 14000 കോടി മറ്റ് പാര്‍ട്ടികള്‍ക്കാണ്. ഇലക്ട്രല്‍ ബോണ്ടിനേക്കാള്‍ മികച്ച മോഡലുണ്ടെങ്കില്‍ പറയൂ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നദ്ദേഹം പറഞ്ഞു.

രാജ്യത്തെ കള്ളപ്പണത്തില്‍ നിന്ന് രക്ഷിക്കാനാണ് നരേന്ദ്ര മോദി അഴിമതി വാദികളെയും, തീവ്രവാദികളെയും ജയിലിലടച്ചത്. ഹജ്ജ് നയത്തില്‍ വലിയ മാറ്റമാണ് മോദി കൊണ്ടുവന്നത്. സാധാരണക്കാരനും ഹജജ് ചെയ്യാന്‍ അവസരമൊരുക്കിയത് മോദിയാണ്. ഹജ്ജിനെ ഹലാലാക്കി മാറ്റിയ നേതാവാണ് അദ്ദേഹം. മുന്‍ കാലങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ ഹജ്ജിന് പോകുന്നവരെ കൊള്ളയടിക്കലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് ക്വാട്ടയില്‍ 80% സര്‍ക്കാരും, 20% സ്വകാര്യ ഏജന്‍സികള്‍ക്കുമാക്കി മാറ്റി. മൂന്നേമുക്കാല്‍ ലക്ഷത്തിന് ഹജ്ജിന് പോകുമ്പോള്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഏഴേമുക്കാല്‍ ലക്ഷമാണ് വാങ്ങുന്നത്. ഹജ്ജ് യാത്രികരുടെ പണം കൊള്ളയടിച്ചിരുന്ന സ്വകാര്യ ഏജന്‍സികളുടെ വക്താക്കളായിരുന്നു ലീഗും കോണ്‍ഗ്രസ്സും. പല നേതാക്കള്‍ക്കും സ്വകാര്യ ഹജ്ജ് ഏജന്‍സികളുണ്ട്. സ്വകാര്യ ഏജന്‍സികളുടെ കൊള്ള അവസാനിപ്പിക്കാന്‍ അവരുടെ ക്വാട്ട വെട്ടികുറയ്ക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന മുസ്ലിം ജമാഅത്ത് കമ്മറ്റി, സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ കൊള്ളക്കെതിരെ സമരം നടത്തിയാല്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് അതിന്റെ മുന്‍നിരയിലുണ്ടാകും. കോണ്‍ഗ്രസ് ഭരണ കാലത്ത് വിഐപി ചിലവില്‍ ഹജ്ജ് ടൂറാക്കിയവരാണ് കോണ്‍ഗ്രസും ലീഗുകാരും. സര്‍ക്കാര്‍ ചിലവില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്ന
പരിപാടിയാണ് നിര്‍ത്തലാക്കിയത്. സ്വകാര്യ ഏജന്‍സികളുടെ ക്വാട്ട കുറച്ചതിലൂടെ കഴിഞ്ഞ വര്‍ഷം 17500 പേര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഹജ്ജ് ചെയ്യാനായി. അള്ളാഹുവിന്റെ മുമ്പില്‍ എല്ലാവരും തുല്ല്യരാണെന്ന് പഠിപ്പിച്ച നേതാവാണ് നരേന്ദ്ര മോദി.

സിപിഎം ഭരിച്ച ബംഗാളിലും കോണ്‍ഗ്രസും മറ്റും ചേര്‍ന്ന് ഭരിച്ച യുപിയിലും ടാറിട്ട റോഡവസാനിക്കുന്നിടത്ത് മുസ്ലിം കോളനികള്‍ ആരംഭിക്കുന്നു എന്നാണ് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലുള്ളത്. അവിടങ്ങളിലെ പാവങ്ങള്‍ക്ക് സൗജന്യ റേഷനും, റോഡും, കുടിവെള്ളവും, കറണ്ടും നല്‍കിയത് മോദിയും യോഗിയുമാണ്. ഇത് തിരിച്ചറിഞ്ഞ അവിടങ്ങളിലെ മുസ്ലിംകള്‍ താമര വിരിയിക്കുകയാണ്.

പ്രധാനമന്ത്രി നടത്തിയത് മുസ്ലിം വിരുദ്ധ പരാമര്‍ശമല്ല. മന്‍മോഹന്‍ സിംഗിന്റെയും, രാഹുല്‍ ഗാന്ധിയുടെയും പ്രസംഗം പരാമര്‍ശിച്ചാണ് സംസാരിച്ചത്. ബിജെപിക്ക് ആരോടും വിവേചനമില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നത് അര്‍ബണ്‍ നക്‌സലുകളാണ്. ജാതി സെന്‍സസ് നടപ്പിലാക്കും, സമ്പത്ത് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുമെന്നൊക്കെയാണ് പ്രകടന പത്രികയിലുള്ളത്.

കേരളത്തിലെ എറ്റവും വലിയ പ്രശ്‌നം ആക്‌സിഡന്റ് മരണങ്ങളാണ്. ഒരു വര്‍ഷം 4500ലധികം പേര്‍ മരിക്കുകയും, 5000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇതിനു കാരണം ഇടുങ്ങിയ റോഡുകളാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ആറുവരി റോഡുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി, കോയമ്പത്തൂര്‍, വ്യവസായ കോറിഡോറാണ് മോദിയുടെ സ്വപ്നം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു ലക്ഷം കോടി രൂപ കേരളത്തിന് വരുമാനം കിട്ടും. കേരളത്തെ ഇലക്ട്രോണിക് നിര്‍മ്മാണ ഹബ്ബാക്കി മാറ്റലാണ് മോദിയുടെ മറ്റൊരു സ്വപ്നം. ടൂറിസത്തിലൂടെയും മഴവെള്ള ഡോളറിന്റെയും നാടാക്കി കേരളത്തെ മാറ്റുമെന്നും, കുറച്ച് ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ കേരളത്തെ വികസന കൊടുമുടിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് വി.കെ.സജീവനും സംബന്ധിച്ചു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് പി.എസ്.രാഗേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു.

 

 

 

കേരളത്തില്‍ ബിജെപി വന്‍ വിജയം നേടും;
എ.പി.അബ്ദുള്ളക്കുട്ടി

Share

Leave a Reply

Your email address will not be published. Required fields are marked *