കോഴിക്കോട് : ഭരണഘടന സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമന്‍ പറഞ്ഞു. ദളിത് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ടി പി ഭാസ്‌കരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വം ഭരണഘടനയെയും അത് ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളെയും റദ്ദ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി എന്നും ഭരണം കിട്ടിയതിനു ശേഷം അത് ഊര്‍ജ്ജിതപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം സംഘപരിവാര്‍ ശക്തികള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഭരണഘടനയെ തന്നെ റദ്ദ് ചെയ്യാനായിരിക്കും അവരുടെ പദ്ധതി എന്ന് നമുക്ക് അവരുടെ തന്നെ ഉത്തരവാദിത്തപ്പെട്ടവരുടെ നാവുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിനു ശേഷമേ ഗുരുതരമായ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോയിട്ടില്ല എന്നും രാമന്‍ കൂട്ടിച്ചേര്‍ത്തു.
ടിപിയുടെ ഓര്‍മ്മക്കായി പ്രഖ്യാപിച്ച കര്‍മ പുരസ്‌കാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള ഹൗസിംഗ് ഫെഡ് ചെയര്‍മാനുമായ കെസി അബുവിന് ചടങ്ങില്‍ വെച്ചു പ്രൊഫസര്‍ കെ ശിവരാജന്‍ സമര്‍പ്പിച്ചു. കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ട് കെ വി സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സതീഷ് പാറന്നൂര്‍, ബിനാന്‍സ്, ഭരതരാജന്‍, ദേവദാസ് കുതിരാടം, പിടി നിസര്‍, ഈപി കാര്‍ത്തിയാനി, കെസി പുഷ്പകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റക്കെട്ടാവുക;യു.സി രാമന്‍