സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബിജെപിക്ക് അധികാരം ലഭിച്ചാല്‍ വീണ്ടും കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇലക്ടറല്‍ ബോണ്ട് സംവിധാനം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചില്ലെന്നും എന്നാല്‍ ഇലക്ടറല്‍ ബോണ്ടിലെ ചില കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്നും അവര്‍ മന്ത്രി പറഞ്ഞു.
ഇലക്ടറില്‍ ബോണ്ട് സംവിധാനത്തെ കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന സൂചനകള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളള്‍ക്ക് പണം എവിടെനിന്ന് വന്നു, ആര് നല്കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
ഇലക്ട്രല്‍ ബോണ്ടിലെ സുതാര്യത നിലനിര്‍ത്തും. കള്ളപ്പണം വരുന്നത് പൂര്‍ണമായും ഇല്ലാതാക്കുമെന്നും നിര്‍മല പറഞ്ഞു.
ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയത്. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്ന് പറഞ്ഞ കോടതി ഇലക്ടറല്‍ ബോണ്ട് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതി ആണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
അധികാരം ലഭിച്ചാല്‍ ഇലക്ട്രല്‍ ബോണ്ട്
വീണ്ടും കൊണ്ട് വരും നിര്‍മ്മല സീതാരാമന്