ആഗോള താപനത്തിന്റെ ഭാഗമായി കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഈയടുത്ത ദിവസം പെയ്ത മഴ തന്നെ ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷത്തിലൊരിക്കലും പെയ്യാത്തതും ഒരു വര്‍ഷം ലഭിക്കേണ്ട ആകെ മഴയുടെ അധികം മഴയാണ് യുഎഇയില്‍ ഒറ്റ ദിവസം കൊണ്ട് പെയ്തത്. അവിടെയാകെ അതിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും കടകമ്പോളങ്ങള്‍ക്കും ഈ മഴവെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇത്തരം സംഭവം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാത്രമല്ല എല്ലാ രാജ്യക്കാര്‍ക്കും ചൂണ്ട് പലകയാണ്.
ആഗോള താപനം തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ യോജിച്ച് നടപ്പിലാക്കാന്‍ ലോക രാജ്യങ്ങള്‍ക്കായിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സമ്മിറ്റുകള്‍ പോലും അഭിപ്രായ വ്യത്യാസം മൂലം തീരുമാനമാകാതെ പിരിയുന്നതും ലോകം കഴിഞ്ഞ വര്‍ഷം ദര്‍ശിച്ചിരുന്നു.
കേരളത്തിലും ഈ വര്‍ഷം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ ലഭിക്കുന്ന വേനല്‍ മഴ ഇതുവരെ വേണ്ടത്ര അളവില്‍ ലഭിച്ചിട്ടില്ല. പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. അതിരൂക്ഷമായ വെയില്‍ കാരണം കാര്‍ഷിക ജോലികള്‍ക്ക് ഭംഗവും, വിളകള്‍ക്ക് നാശവും സംഭവിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
പ്രകൃതിയില്‍ മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാന കാരണം. കുന്നും മലകളും ഇടിക്കുകയും, പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ കയ്യേറുകയും, വന നശീകരണവും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള പിന്നോക്കം പോകലും കേരളത്തിന്റെയും കാലാവസ്ഥയെ തകിടം മറിക്കുകയാണ്. കേരളം അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയാണ്. നഗര വല്‍ക്കരണം അമിതമാവുമ്പോള്‍ നിലവിലുള്ള പച്ചപ്പുകള്‍ പോലും ഇല്ലാതാവുകയാണ്. കൂറ്റന്‍ മാളുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, വലിയ വീടുകളുടെ നിര്‍മ്മാണം, മുക്കിലും മൂലയിലും ഉണ്ടാക്കുന്ന റോഡുകള്‍, ഇതെല്ലാം പ്രകൃതി ഉല്‍പ്പന്നങ്ങള്‍ എടുത്താണ് നിര്‍മ്മിക്കുന്നത്. ക്വാറികളില്‍ നിന്നും കല്ലെടുത്തും, നദികളില്‍ നിന്ന് അനിയന്ത്രിതമായി മണലെടുത്തും, ലാഭേച്ഛ മാത്രം ലക്ഷ്യമാക്കി മനുഷ്യര്‍ സഞ്ചരിക്കുമ്പോള്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകളാണ് പ്രകൃതി ദുരന്തങ്ങള്‍. ഗാന്ധിജി പറഞ്ഞതുപോലെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്താല്‍ മനുഷ്യര്‍ വലിയ വില നല്‍കേണ്ടി വരും എന്ന സന്ദേശം നാമെല്ലാവരും ഉള്‍ക്കൊള്ളണം. വീടുകളോട് ചേര്‍ന്നുള്ള പറമ്പുകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും റോഡുകളിലും മറ്റും തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന ചൂടിനെ ഒരുപരിധിവരെ പ്രതിരോധിക്കാനാവും.
മനുഷ്യര്‍ എന്തെല്ലാം ടെക്‌നോളജി വളര്‍ത്തിയെടുത്താലും പ്രകൃതി ദുരന്തത്തിന് മുന്‍പില്‍ അതെല്ലാം നിസാരമാണെന്നത് പകല്‍പോലെ വ്യക്തമാണ്. കൊടുങ്കാറ്റുകളും കനത്ത പേമാരികളും ഭൂകമ്പങ്ങളും ഇതെല്ലാം വിളിച്ചോതുന്നുണ്ട്. മനുഷ്യരുടെ ആര്‍ത്തി അവസാനിപ്പിക്കുകയും പ്രകൃതിയെ പരിപാലിക്കുകയും ചെയ്താല്‍ മനുഷ്യ കുലത്തിന് സമാധാനത്തോടെ ഭൂമിയില്‍ കഴിയാനാകും.അത്തരം ദിശയില്‍ യുവ സമൂഹം ചിന്തിക്കുകയും പ്രകൃതി സംരക്ഷകരാവുകയും വേണം.