വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ഇതിനകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇന്നലെ കാസര്‍ക്കോട്ട് നിന്ന് ഇടത്-വലത് മുന്നണിയുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരും ഇതേ ആക്ഷേപം ഉന്നയിക്കുകയുണ്ടായി. കേന്ദ്രം ഭരിക്കുന്ന ബിജെപി വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുന്നുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ വോട്ടിംഗ് മെഷീനില്‍ യാതൊരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്ന് കോടതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഇക്കാര്യത്തില്‍ സംശയ ദൂരീകരണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് മെഷീനില്‍ ബാഹ്യ ഇടപെടലിലൂടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാക്കാമെന്ന് ടെക്‌നോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ നിലപാടും സുപ്രീം കോടതിയും ഇലക്ഷന്‍ കമ്മീഷനും പരിശോധിക്കുകയും യാതൊരു ആക്ഷേപത്തിനും കൃത്രിമങ്ങള്‍ക്കും അവസരം കൊടുക്കാതെ ജനാധിപത്യ പ്രക്രിയ സുതാര്യമായി പൂര്‍ത്തീകരിക്കാന്‍ ശക്തമായി ഇടപെടണം. രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വോട്ടിംഗ് മഷീനിലൂടെ കൃത്രിമം നടത്തിയാണ് ബിജെപി ജയിക്കുന്നതെന്ന് ഇതിനകം ആക്ഷേപം ഉന്നയിക്കുന്നതും ബന്ധപ്പെട്ടവര്‍ ഗൗരവമായി നിരീക്ഷിക്കണം.
തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കാസര്‍ക്കോട്ട് നിന്ന് ഉയര്‍ന്ന ആക്ഷേപം പരിശോധിക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ജനാധിപത്യ നടപടി ക്രമങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ലോകം സാകൂതം നിരീക്ഷിക്കുന്ന ഒന്നാണ് ഭാരതത്തിലെ ജനാധിപത്യ പ്രക്രിയ. ലോകത്തിന് മാതൃകയും അഭിമാനവുമാണ് ഇന്ത്യന്‍ ജനാധിപത്യം. ഇന്ത്യന്‍ ജനാധിപത്യത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരേയും സമ്മതിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ മാറി മാറി വരും. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തി അവര്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കട്ടെ. രാഷ്ട്രീയ പാര്‍ട്ടികളോ, ഭരിക്കുന്ന കക്ഷിയോ തെറ്റായ വഴികളിലൂടെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ തകരുന്നത് ജനങ്ങളുടെ ജനാധിപത്യത്തോടുള്ള വിശ്വാസമാണ്. അത് തകരാതിരിക്കാന്‍ പരമോന്നത നീതി പീഠവും, ഇലക്ഷന്‍ കമ്മീഷനും കാവലാളായി നില്‍ക്കട്ടെ.
വോട്ടിംഗ് മെഷീന്‍ ആശങ്കകള്‍ പരിഹരിക്കണം